സരിതയ്ക്ക് കുരുക്ക് മുറുകുന്നു ; തൊഴിൽ തട്ടിപ്പ് കേസിലും അറസ്റ്റിന് നീക്കം

Jaihind Webdesk
Friday, April 23, 2021

 

തിരുവനന്തപുരം : തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായരെ അറസ്റ്റ് ചെയ്യാൻ നീക്കം. സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ  ഇന്നലെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. സരിത തിരുവനന്തപുരത്ത് ഉണ്ടായിട്ടും പൊലീസ്  അറസ്റ്റ് ചെയ്തില്ലെന്ന വിമർശനം ശക്തമായതിന് പിന്നാലെയാണ് പുതിയ നീക്കം.

നിലവില്‍ സോളാർ തട്ടിപ്പ് കേസില്‍  റിമാന്‍ഡിലാണ് സരിത. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദില്‍ നിന്ന് 42. 7 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്താണ് സരിത എസ്. നായരെ കസബ പൊലിസ് കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയത്. സരിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.

പലതവണ ആവശ്യപ്പെട്ടിട്ടും സരിത ഹാജരാകാതിരുന്നത് കോടതി ചൂണ്ടിക്കാട്ടി. സമാനമായ തട്ടിപ്പുകേസുകള്‍ വേറെയും ഉള്ളതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്നും നിലപാടെടുത്തു. വീട്ടിലും ഓഫിസിലും സോളാര്‍ പ്ലാന്‍റ് സ്ഥാപിക്കാനായി കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജിദില്‍ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കേസില്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.