ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; രണ്ട് നേപ്പാള്‍ പൗരന്മാരടക്കം ഏഴ് പേര്‍ അറസ്റ്റില്‍

Jaihind Webdesk
Tuesday, October 24, 2023


മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ രണ്ട് നേപ്പാള്‍ പൗരന്‍മാരടക്കം ഏഴുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ താല്‍ക്കാലിക ഓഫിസ് സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. നൂറുകണക്കിന് പേരാണ് തട്ടിപ്പിനിരയായത്. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ തൊഴില്‍ സൈറ്റുകളില്‍ പരസ്യം നല്‍കിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. ഈ പരസ്യംകണ്ട് ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യയിലും ജോലി തേടുന്ന ഉദ്യോഗാര്‍ഥികള്‍ വിളിക്കും. കോള്‍ സെന്റര്‍ മുഖേന ലഭിക്കുന്ന ഫോണ്‍ വിളികള്‍ക്ക് മറുപടി നല്‍കുന്നിടത്താണ് തട്ടിപ്പിന്റെ തുടക്കം. ഉദ്യോഗാര്‍ഥികളെ തുടര്‍ച്ചയായി വിളിച്ച് വിശ്വാസത്തിലെടുക്കും. ഒടുവില്‍ ഡല്‍ഹിയിലെ ഓഫിസില്‍ നേരിട്ടെത്തി, സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറാന്‍ ആവശ്യപ്പെടും. ഡല്‍ഹിയിലെത്തുന്ന ഉദ്യോഗാര്‍ഥികളെ കാത്തിരുന്നത് വലിയ ഓഫിസ് സമുച്ചയം. പലതും താല്‍ക്കാലികമായി പരമാവധി ഒരുമാസത്തേക്ക് വാടകയ്‌ക്കെടുക്കുന്ന കെട്ടിടങ്ങളായിരുന്നു. 59,000 രൂപയാണ് ഒരാളില്‍നിന്ന് ഈടാക്കിയത്. പണം നല്‍കിയവര്‍ പിന്നീട് വിളിക്കുമ്പോള്‍ അങ്ങനെയൊരു ഓഫിസോ നമ്പര്‍ പോലുമോ നിലവിലുണ്ടാകില്ല. മലയാളികളാണ് തട്ടിപ്പിനിരയായവരില്‍ക്കൂടുതലും.നേപ്പാള്‍ പൗരന്‍മാരടക്കം ഏഴുപേര്‍ പിടിയിലായി. ബിഹാര്‍ സ്വദേശിയായ ഇനാമുള്‍ ഹഖാണ് മുഖ്യപ്രതി. വലിയ റാക്കറ്റാണെന്നും കൂടുതല്‍പ്പേര്‍ പിടിയിലാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.