വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ : മുഖ്യപ്രതിക്കായി തിരച്ചിൽ ശക്തമാക്കി

Jaihind Webdesk
Thursday, May 2, 2019

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ സ്ഥാപന നടത്തിപ്പുകാർ കൈക്കലാക്കിയത് മൂന്ന് കോടിയിലേറെ രൂപയെന്ന് സൂചന. മുഖ്യപ്രതി റോബിൻ മാത്യുവിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. ഉദ്യോഗാർത്ഥികൾ പണം കൈമാറിയ കോട്ടയം എസ്.എച്ച് മൗണ്ടിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി.

250 പേരാണ് ഇതുവരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. മൂന്ന് കോടിയിലേറെ രൂപയുമായാണ് സംഘം ഒളിവില്‍ പോയതെന്നാണ് സൂചന. പരാതിക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റോബിന്‍ മാത്യുവിനെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കി. രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ഇയാള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പലര്‍ക്കും സന്ദേശങ്ങള്‍ കൈമാറുന്നതായി പോലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം കോട്ടയം എസ് എച്ച് മൗണ്ടിലെ ഫീനിക്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് നിരവധി പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തിരുന്നു. വിവിധ രാജ്യങ്ങളില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ വരെയാണ് ഓരോ വ്യക്തികളില്‍ നിന്ന് റോബിന്‍ മാത്യു വാങ്ങിയത്. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.