സമരം തുടരാൻ ജെ.എൻ.യു വിദ്യാർത്ഥികളുടെ തീരുമാനം. വൈസ് ചാൻസിലർ ജഗദേഷ് കുമാറിനെ പുറത്താക്കുക, വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് വിദ്യാർത്ഥികളുടെ തീരുമാനം. വൈസ് ചാന്‍സലറെ മാറ്റുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി അക്രമത്തിന് ഇരയാക്കിയത് വിസിയുടെ അനാസ്ഥയാണ്. നിലവിലെ വിസിയില്‍ നിന്ന് നീതി കിട്ടില്ലെന്ന് ഉറപ്പാണെന്നും ഐഷെ വ്യക്തമാക്കി. മുഖംമൂടി ധാരികളുടെ ആക്രമണത്തിനിരയായി താന്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുമ്പോള്‍ കാണാനോ കാര്യമന്വേഷിക്കാനോ വിസി തയാറായില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിസിയെ പുറത്താക്കാന്‍ തയാറാകണമെന്നും ഐഷി ഘോഷ് പറഞ്ഞു.
വർധിപ്പിച്ച സർവീസ് ചാർജും യൂട്ടിലിറ്റി ഫീസും വിദ്യാർത്ഥികളിൽ നിന്ന് ഇടാക്കില്ലെന്ന് മാനവവിഭവശേഷി മന്ത്രാലയം ഇന്നലെ രേഖാമൂലം അറിയിച്ചിരുന്നു. അതേ സമയം ക്ലാസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്നാണ് വി.സി അറിയിച്ചിട്ടുള്ളത്. ക്യാമ്പസിൽ നടന്ന ആക്രമണങ്ങളിൽ വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷിനെ ഉള്‍പ്പെടെ 9 പേരെ പ്രതി ചേർത്ത് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടിരുന്നു. ഇരകളെ പ്രതിയാക്കിയ പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. 9 പേരുടെ പ്രതിപ്പട്ടികയില്‍ 2 എ.ബി.വി.പി പ്രവര്‍ത്തകര്‍ മാത്രമാണുള്ളതെന്നതും ശ്രദ്ധേയമാണ്. ഡല്‍ഹി പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ഐഷി ഘോഷ് രംഗത്തെത്തി. ക്യാമ്പസില്‍ മുഖംമൂടിയിട്ട് വന്നവരില്‍ താനുണ്ടായിരുന്നോ എന്ന് ഘോഷ് ചോദിച്ചു. കോടതിയില്‍ വിശ്വാസമുണ്ടെന്നും ആരോപണങ്ങള്‍ പൊലീസ് കോടതിയില്‍ തെളിയിക്കട്ടെയെന്നും ഐഷി ഘോഷ് പറഞ്ഞു. പോലീസ് രാഷ്ട്രീയ സമ്മർദത്തിന് കീഴ്പ്പെട്ടു എന്ന് കോണ്‍ഗ്രസ് വിമർശിച്ചു.
ഞായറാഴ്ച രാത്രിയാണ് ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ എ.ബി.വി.പി പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാട് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.