ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഹോസ്റ്റൽ ഫീസ് വർധനയ്ക്കും സമയക്രമത്തിനുമെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അതിക്രമം. ഫീസ് വര്‍ധനയ്ക്കും വസ്ത്രധാരണത്തിനുള്ള നിബന്ധനകള്‍ക്കുമെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം നേരിടാന്‍ പൊലീസിനൊപ്പം സൈന്യമെത്തിയതോടെ ക്യാംപസ് പരിസരം സംഘര്‍ഷഭരിതമായി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പടെ പങ്കെടുക്കുന്ന ബിരുദദാനചടങ്ങ് ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ കാമ്പസിൽ പ്രകടനം നടത്തി. കഴിഞ്ഞ 10 ദിവസമായി തുടരുന്ന സമരത്തിൽ ചർച്ചകൾക്ക് അധികാരികൾ തയാറായില്ല. സമരം നാളെയും തുടരുമെന്ന് വിദ്യാർത്ഥികള്‍ വ്യക്തമാക്കി.
കഴിഞ്ഞ പത്ത് ദിവസമായി ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ജെഎൻയുവിൽ വിദ്യാർഥികൾ നടത്തി വന്ന സമരമാണ് ഇന്ന് സംഘര്‍ഷഭരിതമായത്. പോലീസ് അനാവശ്യമായി സമരത്തിൽ ഇടപെടുന്നു എന്ന് വിദ്യാർത്ഥികള്‍ കുറ്റപ്പെടുത്തി. പുതിയ സമയക്രമത്തിലെ അതൃപ്തിയും വിദ്യാർഥികൾ രേഖാമൂലം വൈസ് ചാൻസലറെ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ ആരുംതന്നെ വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് തയാറായില്ല എന്ന് വിദ്യാർത്ഥികള്‍ കുറ്റപ്പെടുത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ ഉൾപ്പടെയുള്ളവര്‍ പങ്കെടുക്കുന്ന ബിരുദദാനചടങ്ങ് ബഹിഷ്കരിച്ചാണ് വിദ്യാർഥ്ഥികൾ കാമ്പസിൽ പ്രകടനം നടത്തിയത്.
വൈകിട്ടോടെ പോലീസും അർധ സൈനികരും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേരെ മര്‍ദനം അഴിച്ചുവിട്ടു. നേരത്തെ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍ ബലംപ്രയോഗിച്ച് മാറ്റിയത് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കി. വിദ്യാർത്ഥികളുടെ സമരത്തിന് അധ്യാപകരുടെ സംഘടനയും പിന്തുണ അറിയിച്ചിട്ടുണ്ട്. അവകാശങ്ങൾ നേടി എടുക്കും വരെ സമരം തുടരും എന്നാണ് വിദ്യാർത്ഥികളുടെ തീരുമാനം. നാളെ സമരം തുടരും എന്ന നിലപാടിലാണ് വിദ്യാർത്ഥികൾ പിരിഞ്ഞു പോയത്.