ജെഎൻയുവിൽ നടന്നത് രണ്ടു വിഭാഗക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമാണെന്ന ഡൽഹി പോലീസിന്‍റെ പരാമർശം വിവാദമാകുന്നു

Jaihind News Bureau
Monday, January 6, 2020

ജെഎൻയു വിൽ നടന്നത് രണ്ടുവിഭാഗക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമാണെന്ന ഡൽഹി പോലീസിന്‍റെ പരാമർശം വിവാദമാകുന്നു. കാംപസിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരേ മാരകായുധങ്ങളുപയോഗിച്ച് എബിവിപി പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടും പരസ്പരമുള്ള ഏറ്റുമുട്ടലാണെന്ന് വരുത്തിത്തീർക്കാനുള്ള പോലീസിന്‍റെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.

നടന്നത് പരസ്പരമുള്ള ഏറ്റുമുട്ടലാണെന്നും ഇതിൽ ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവരെ ആശുപത്രിയിലെത്തിച്ചെന്നുമാണ് ഡൽഹി പോലീസിന്‍റെ പരാമർശം കാംപസിനകത്ത് ഫ്ലാഗ് മാർച്ച് നടത്തിയെന്നും സർവകലാശാലയുടെ ഉള്ളിൽ സ്ഥിതിഗതികൾ ശാന്തമാണെന്നുമാണ് ഈ മേഖലയുടെ ചുമതലയുള്ള സൗത്ത് വെസ്റ്റ് ഡിസിപി വ്യക്തമാക്കിയത്. എല്ലാ ഹോസ്റ്റലുകളും പോലീസ് സംരക്ഷണയിലാണ്. എല്ലാ പ്രധാനമേഖലകളിലും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു മേഖലകളിലും അക്രമമില്ലെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.

വൈകീട്ട് വിദ്യാർഥികൾക്കിടയിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ചെറിയ സംഘർഷമുണ്ടായി. അതിൽ ചില വിദ്യാർഥികൾക്ക് പരിക്കേറ്റു. ചില സാധനങ്ങൾക്ക് കേടുപാടുണ്ടായി. ഇത് അറിഞ്ഞ ജെഎൻയു തന്നെയാണ് പോലീസിനോട് ഇടപെടാൻ ആവശ്യപ്പെട്ടതെന്ന് ഡിസിപി വ്യക്തമാക്കി. സംഭവം വിവാദമായ സാഹചര്യത്തിൽ അക്രമങ്ങളിൽ ഡൽഹി പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികൾ ആരായിരുന്നു എന്നതും എങ്ങനെയാണ് അക്രമം തുടങ്ങിയത് എന്നതും അന്വേഷിക്കുമെന്ന് ഡൽഹി പോലിസ് വ്യക്തമാക്കി. ജെഎൻയുവിലെ വിദ്യാർഥികൾക്കെതിരെയുള്ള ഗുണ്ടാ ആക്രമണം നടക്കുമ്പോൾ പോലിസ് നിഷ്‌ക്രിയരായിരുന്നുവെന്നാരോപിച്ച് ഡൽഹി പോലിസ് ആസ്ഥാനം ജാമിയ മില്ലിയ ഇസ്ലാമിയയിൽനിന്ന് അടക്കമുള്ള വിദ്യാർഥികളെത്തി ഉപരോധിക്കുകയാണ്. നിരവധിപേരാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.