ആപത്തില്‍ രക്ഷകനായി ജിംസണ്‍: കരച്ചില്‍ കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തി; അതിസാഹസികമായി രക്ഷിച്ചത് വിദ്യാര്‍ഥിനിയുടെ ജീവന്‍

Jaihind Webdesk
Monday, January 21, 2019

കോട്ടയം: റബര്‍ തോട്ടത്തില്‍ നിന്നുയര്‍ന്ന നിലവിളി കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തിയ ജിംസണ്‍ ജോസഫ് ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ രക്ഷകനായി. തമിഴ്നാട് സ്വദേശി റബര്‍തോട്ടത്തിലേക്കു വലിച്ചു കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് ചെങ്ങളം മുതുകുന്നേല്‍ പാത്തിക്കല്‍ ജിംസണ്‍ ജോസഫ്(42) സാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. ജിംസണ്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച മാര്‍ത്താണ്ഡം സ്വദേശി പ്രിന്‍സ്‌കുമാറിനെ(38) റിമാന്‍ഡ് ചെയ്തു

ഫര്‍ണിച്ചര്‍ വ്യാപാരിയായ ജിംസണ്‍ സുഹൃത്തിനെ വീട്ടില്‍ വിട്ട് മടങ്ങുന്നതിനിടെയാണ് റബര്‍ തോട്ടത്തില്‍ നിന്നും നിലവിളി കേട്ടത്. പള്ളിയില്‍ പോയി മടങ്ങിയ വിദ്യാര്‍ഥിനിയെ തമിഴ്നാട് സ്വദേശി തോട്ടത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സ്‌കൂട്ടര്‍ നിര്‍ത്തി ജിംസണ്‍ തോട്ടത്തിലേക്ക് ഇറങ്ങിയതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ ജിംസണ്‍ സാഹസികമായാണ് പ്രതിയെ കീഴടക്കിയത്. തുടര്‍ന്ന് പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പോക്കറ്റില്‍നിന്നു ബ്ലേഡും കണ്ടെടുത്തു. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച ജിംസണെ ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ ഇടവക അനുമോദിച്ചു.