സ്വര്‍ണകള്ളക്കടത്തും നികുതിവെട്ടിപ്പും തടയുന്നതിനായി കേരള ജ്വല്ലേഴ്‌സ് അസോ. കോര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായ പ്രചാരണപരിപാടികളുമായി മുന്നോട്ട്

Jaihind Webdesk
Saturday, January 19, 2019

തിരുവനന്തപുരം: സ്വര്‍ണ്ണാഭരണ വ്യവസായ മേഖലയിലെ നികുതി വെട്ടിപ്പ് തടയുക, കള്ളക്കടത്ത് തടയുക, നികുതി നല്‍കിയുള്ള സ്വര്‍ണ്ണാഭരണ വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു വ്യാപകമായി പ്രചരണം നടത്താന്‍ കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാരസംഘടനകളുടെ സംയുക്ത വേദിയായ കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.

കേരളത്തില്‍ ഒരു വര്‍ഷം ജി.എസ്.ടിയില്‍ കൂടി നടക്കുന്ന വ്യാപാരം ഏകദേശം 40000 കോടി രൂപയുടേതാണ്. അനധികൃത മേഖലയില്‍ രണ്ട് ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അനധികൃതമേഖലയെ തളയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ചെറുവിരല്‍ പോലും അനക്കുന്നില്ല. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ ഇല്ലാത്ത കുടിശ്ശിക പിരിക്കുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യം. അനധികൃത സ്വര്‍ണ്ണാഭരണ മേഖലയെ നികുതിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ 6000 കോടി സര്‍ക്കാരിന് നികുതിയായി ലഭിക്കും. ഒരു കിലോ സ്വര്‍ണ്ണം കള്ളക്കടത്തായി വിപണിയിലെത്തുമ്പോള്‍ നികുതിയില്‍ മാത്രം 4 ലക്ഷം രൂപയിലധികമാണ് ലാഭം. അത് വര്‍ദ്ധിപ്പിച്ചു കൊടുക്കുന്ന ഒരു സമീപനവും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകരുതെന്ന് അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യവസായ മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കാലഹരണപ്പെട്ട വാറ്റ് നിയമങ്ങളുടെ പേരിലുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

ഡോ. ബി. ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.പി. അഹമ്മദ്, കോര്‍ഡിനേറ്റര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍, ഭാരവാഹികളായ ബാബു എം. ഫിലിപ്പ്, സുരേന്ദ്രന്‍ കൊടുവള്ളി, ഷാജു ചിറയത്ത്, സാബു തോമസ്, എം.എസ് സുഹാസ് എന്നിവര്‍ പ്രസംഗിച്ചു.