ജെറ്റ്‌ എയര്‍വേസ്​ സ്ഥാപക ചെയർമാൻ നരേഷ്​ ഗോയലും ഭാര്യയും രാജിവച്ചു

Jaihind Webdesk
Monday, March 25, 2019

ജെറ്റ്‌ എയര്‍വേസ്​ സ്ഥാപക ചെയർമാൻ നരേഷ്​ ഗോയലും ഭാര്യ അനിത ഗോയലും കമ്പനിയുടെ ബോർഡ്​ ഓഫ്​ ഡയറക്​ടേഴ്​സിൽ നിന്നും രാജിവെച്ചു. ​ദൈനംദിന സേവനത്തിനുള്ള ഇന്ധനത്തിന്​ പോലും പണമില്ലാതെ കമ്പനി അതീവ സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ്​ രാജി. ബോർഡ്​ അംഗങ്ങളുടെ യോഗത്തിന്​ ശേഷമായിരുന്നു ഇരുവരും രാജി വെച്ചത്​.  ഇരുവരുടെയും ഓഹരികൾ വിട്ടുനൽകുന്നതിലൂടെ ഏകദേശം 1500 കോടിയോളം രൂപ കമ്പനിക്കു ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. ഇതിലൂടെ സാമ്പത്തിക പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാനാകുമെന്ന ഉദ്ദേശത്തിലാണ് നരേഷ് ഗോയലും ഭാര്യയും രാജിവച്ചത്. എസ്ബിഐയുമായി നടത്തി ചർച്ചയെ തുടർന്നാണു തീരുമാനമെന്നാണു സൂചന.  സിഇഒ വിനയ്​ ദുബേ സ്ഥാനത്ത്​ തുടരും. അബുദാബിയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്സ് നാമനിർദേശം ചെയ്ത അംഗവും ഡയറക്ടർ ബോർഡിൽ നിന്നു രാജിവച്ചു. എത്തിഹാദ് എയർവേയ്സിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ജെറ്റ് എയർവേയ്സ്.

എസ്​.ബി.ഐ അടക്കമുള്ള വിവിധ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് വായ്പയായി 1500 കോടി ഉടൻ ലഭിക്കുമെന്നാണ് ജെറ്റ് എയർവേസ്​ പ്രതീക്ഷിക്കുന്നതെന്നും ഈ തുക കമ്പനിയിലെ ഓഹരിയായി മാറ്റാനാണ്​​ തീരുമാനമെന്നും സൂചനയുണ്ട്​. എയർവേസിന്‍റെ നിയന്ത്രണത്തിനായി ലോൺ നൽകിയ ബാങ്കുകൾ ഇടക്കാല മാനേജ്​മെന്‍റ്​ കമ്മിറ്റി രൂപീകരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

എന്നാൽ ഗോയലിന്‍റെ രാജിക്ക്​ പിന്നാലെ കമ്പനിയുടെ വിപണി മൂല്യം കുതിച്ചുയർന്നത്​ ശ്രദ്ധേയമായി. 13 ശതമാനത്തോളമാണ് മൂല്യ വർധന​. ജനുവരി പകുതിക്ക്​ ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ്​ ഇന്ന്​ രേഖപ്പെടുത്തിയത്​. രാജിക്ക്​ പിന്നാലെ ഗോയലിന്‍റെയും വിദേശ കമ്പനിയായ എത്തിഹാദിന്‍റെയും ജെറ്റ്​ എയർവേസിലെ ഓഹരി നേരെ പകുതിയായി കുറഞ്ഞു. ഗോയലിന്‍റെ 51 ശതമാനം ഓഹരി 25.5ഉം എത്തിഹാദിന്‍റെ 24 ശതമാനം 12ഉം ആയാണ്​ കുറഞ്ഞത്​.

26 വര്‍ഷങ്ങള്‍ക്കു മുമ്പ്​, 1993–ലാണ് നരേഷ് ഗോയലും ഭാര്യയും ചേർന്ന് ജെറ്റ് എയര്‍വേസ് വിമാനക്കമ്പനി ആരംഭിച്ചത്.  ചുരുങ്ങിയ കാലം കൊണ്ട്​​ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായി വളർന്നെങ്കിലും സമീപ കാലത്ത്​ വലിയ സാമ്പത്തിക ബാധ്യതയിലേക്ക്​ നീങ്ങുകയായിരുന്നു. 8200 കോടി രൂപയോളം ബാധ്യതയാണ്‌ കമ്പനിക്ക്​ നിലവിലുള്ളത്​.   മാര്‍ച്ച്‌ 31നുള്ളില്‍ 1700 കോടി രൂപ തിരിച്ചടക്കണമെന്ന വലിയ വെല്ലുവിളിയും കമ്പനിക്കുണ്ട്​. ഗോയലും ഭാര്യയും  രാജിവയ്ക്കുന്നതോടെ 33 ലക്ഷത്തിലധികം ഓഹരികളാകും വില്‍പനയ്ക്ക് എത്തുക.

119 വിമാനങ്ങളാണ് ജെറ്റ് എയര്‍വേസിന്‍റെ ഉടമസ്ഥതയിലുള്ളത്. ഇതില്‍ 54 വിമാനങ്ങളുടെയും സര്‍വീസ് മുടങ്ങിയിരുന്നു. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ നേരത്തേ തന്നെ സര്‍വീസ് നിർത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ജീവനക്കാരുടെ ശമ്പളവും കടപ്പത്ര ഉടമകൾക്കുള്ള പലിശയും മുടങ്ങിയിരുന്നു.   ജീവനക്കാർക്ക്​ ശമ്പളം നൽകാത്തതിനെ തുടർന്ന്​ ജെറ്റ്​ എയർവേസിൻെറ ഭൂരിഭാഗം സേവനങ്ങളും തടസ്സപ്പെട്ടിരുന്നു. ശമ്പളം നൽകാത്തതിന്‍റെ പേരിൽ പൈലറ്റുമാരുടെ സംഘടന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വ്യോമയാനമന്ത്രി സുരേഷ്‌ പ്രഭുവിനും കത്തയച്ചിരുന്നു. കടുത്ത മാനസികസമ്മര്‍ദം അനുഭവിക്കുന്ന പൈലറ്റുമാര്‍ വിമാനം പറത്തുന്നത്‌ അപകട സാധ്യതയുണ്ടാക്കുമെന്ന്​ കാണിച്ച്‌ ജീവനക്കാരുടെ സംഘടന വ്യോമയാന മന്ത്രിക്ക്‌ കത്ത്​ നല്‍കിയിരുന്നു. എന്നാൽ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ്‌ ശ്രമം നടത്തുന്നതിനിടയിൽ പ്രശ്‌നം വഷളാക്കിക്കൊണ്ട്‌ കമ്പനി കൂടുതല്‍ വിമാനങ്ങള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം എടുത്തതും വിവാദമായിരുന്നു.