കര്‍ണാടകയിലെ ബിജെപി തിരഞ്ഞെടുപ്പ് പോസ്റ്ററില്‍ കേരളത്തിലെ ജെഡിഎസ് നേതാക്കളും. മന്ത്രി കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസുമാണ് ബിജെപി പോസ്റ്ററില്‍ ഇടം നേടിയത്. പോസ്റ്റര്‍ കേരളത്തിലെ എല്‍ഡിഎഫിനെ വെട്ടിലാക്കി.
ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസിന്‍റെയും മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെയും ചിത്രങ്ങളാണ് കര്‍ണാടകയിലെ ബിജെപിയുടെ പോസ്റ്ററിലുളളത്. ബംഗളുരു റൂറലില്‍ ബിജെപി സ്ഥാനാര്‍ഥിയായ ദേവഗൗഡയുടെ മരുമകന്‍ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നല്‍കുന്നുവെന്ന പോസ്റ്ററിലാണ് എല്‍ഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുളളത്. ജെഡിഎസ്സിന്‍റെ സേവാദള്‍ നേതാവ് ബസവരാജാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തില്‍ എന്‍ഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമാണ്.
ബംഗളുരുവിലെ റെയില്‍വേ ലേ ഔട്ടില്‍ നടത്തിയ പരിപാടിയുടെ പോസ്റ്ററില്‍ ആയിരുന്നു കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നത്. പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം പോസ്റ്റര്‍ വന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് മാത്യു ടി തോമസ് പറയുന്നത്. തന്‍റെ ചിത്രം വെച്ചാല്‍ കര്‍ണാടകത്തില്‍ ബിജെപിക്ക് വോട്ട് ലഭിക്കുമോ എന്ന ന്യായീകരണവും മാത്യു ടി തോമസിന്‍റെ ഭാഗത്ത് നിന്നുണ്ടായി. കേരളത്തില്‍ സിപിഎം ബിജെപി അന്തര്‍ധാര സജീവമാണെന്ന വിമര്‍ശനം സജീവമായിരിക്കെയാണ് കേരളത്തിലെ എല്‍ഡിഎഫ് നേതാക്കളുടെ ചിത്രം ബിജെപി പോസ്റ്ററില്‍ ഇടം നേടിയിരിക്കുന്നത്.