‘മനിതികള്‍ ജീവനും കൊണ്ടോടുന്നത് കാണുമ്പോള്‍ കരുണാകരന്റെ മഹത്വം തിരിച്ചറിയുന്നു’

Jaihind Webdesk
Sunday, December 23, 2018

മനിതി വനിതാ സംഘം ശബരിമല ദര്‍ശനത്തിനു വന്നതും പോലീസിന്‍റെയു പ്രതിഷേധക്കാരുടെയും നിലപാടുകള്‍ മൂലം തിരികെ പോകേണ്ടി വന്നതിനെയും വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലാണ് ജയശങ്കറിന്‍റെ പോസ്റ്റ്.  കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ. കരുണാകരന്‍, വിവാദമാകേണ്ടിയിരുന്ന വിഷയം കൈകാര്യം ചെയ്തത് എങ്ങനെയെന്നു വിശദീകരിച്ചാണ് ജയശങ്കര്‍ സര്‍ക്കാരിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കെ കരുണാകരന്റെ ചരമവാര്‍ഷികം.

1983ല്‍ കരുണാകരന്‍ കേരള മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് നിലക്കലില്‍ തോമാ ശ്ലീഹായുടെ കുരിശു കണ്ടെത്തിയതും കാഞ്ഞിരപ്പള്ളി മെത്രാന്‍ പളളി പണിയാന്‍ ഒരുങ്ങിയതും. RSSകാര്‍ അതിഭയങ്കരമായി പ്രതിരോധിച്ചു; മധ്യ തിരുവിതാംകൂര്‍ സംഘര്‍ഷ പൂരിതമായി. ഗുരുവായൂരില്‍ തൊഴാനെത്തിയ മുഖ്യന്റെ ഉടുമുണ്ടുരിഞ്ഞ് അപമാനിക്കാന്‍ വരെ ശ്രമം നടന്നു.

കരുണാകരന്‍ പത്രാധിപന്മാരുടെ യോഗം വിളിച്ചു പ്രകോപനപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കരുതെന്ന് ഹിന്ദു സംഘടനകളെയും ക്രൈസ്തവ മത മേലധ്യക്ഷരെയും ഗുണദോഷിച്ചു. ആങ്ങാമൂഴിയില്‍ പളളിപണിയാന്‍ അഞ്ചേക്കര്‍ പതിച്ചു കൊടുത്തു പ്രശ്‌നം തീര്‍ത്തു.

പോലീസ് സംരക്ഷണത്തോടെ മലകയറാനെത്തിയ മനിതികള്‍ ജീവനും കൊണ്ടോടുന്ന കാഴ്ച ടെലിവിഷനില്‍ കാണുമ്പോള്‍ കരുണാകരന്റെ മഹത്വം ഒരിക്കല്‍ കൂടി തിരിച്ചറിയുന്നു.

ലീഡര്‍ക്ക് ആദരാഞ്ജലികള്‍!