ജയരാജനായി ഫേസ്ബുക്കില്‍ വാളെടുത്ത് ‘റെഡ് ആർമി’; ശശിയുടേത് പിന്‍വാതില്‍ നിയമനമെന്ന് പരിഹാസം

Jaihind Webdesk
Saturday, March 5, 2022

 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടംപിടിക്കാതെ പോയ പി ജയരാജനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. റെഡ് ആർമി ഒഫീഷ്യൽസ് എന്ന ഫേസ്ബുക്ക്‌ പേജിലാണ് ജയരാജൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പി ജയരാജന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റിലും പി ജയരാജന് അനുകൂലമായ കമൻറുകൾ. ആരോപണവിധേയനായ പി ശശിയെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്.

‘പി ജയരാജൻ ഇത്തവണ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്’, ‘സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം’ എന്നാണ് റെഡ് ആർമി ഒഫീഷ്യൽസ് എന്ന പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ പറയുന്നത്. ‘കണ്ണൂരിൻ താരകമല്ലോ’ എന്ന ജയരാജൻ അനുകൂല വാഴ്ത്തുപാട്ടും പേജിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 42,000 ഫോളോവേഴ്സുള്ള പേജിൽ പി ജയരാജന്‍ അനുകൂല പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ്.

പി ജയരാജന്‍റെ മകൻ ജയിൻ രാജ് സമ്മേളന നഗരിയില്‍ നിന്നുള്ള ഒരു വീഡിയോ ഫേസ് ബുക്കിൽ പങ്കുവെച്ചിരുന്നു. പി ജയരാജനൊപ്പം സെൽഫിയെടുക്കാൻ പ്രവർത്തകർ ചുറ്റും കൂടുന്നതാണ് വീഡിയോയിലുള്ളത്. ഈ പോസ്റ്റിന്‍റെ കമന്‍റുകളിൽ പി ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിന് എതിരെ രൂക്ഷ വിമർശനമാണുള്ളത്. പി ശശിയുടെ തിരിച്ചുവരവിനെ പിൻവാതിൽ നിയമനം എന്നാണ്  വിശേഷിപ്പിച്ചിരിക്കുന്നത്. പി ശശിയെ പോലുള്ളവർക്ക് പ്രൊമോഷൻ പെട്ടെന്ന് നൽകുമ്പോൾ പ്രതികരിക്കാതെ വയ്യ എന്ന് നിരവധി പേർ കമന്‍റ് ചെയ്തിട്ടുണ്ട്. പുത്തൻകാലത്തിന്‍റെ കച്ചവട രാഷ്ട്രീയം അറിയാത്തത് കൊണ്ടാണ് പി ജയരാജന് സ്ഥാനം ലഭിക്കാതെ പോയതെന്നും വിമർശനമുണ്ട്. സ്ഥാനമാനങ്ങളിൽ അല്ല ജനഹൃദയങ്ങളിലാണ് പി.ജെയുടെ സ്ഥാനമെന്നും മറ്റ് നേതാക്കൾക്ക് പ്രവർത്തകർ മുന്നറിയിപ്പും നൽകുന്നു.

എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങളെ കുറിച്ച് പ്രതികരിക്കാൻ പി ജയരാജൻ തയാറായില്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്ത് പദവി കിട്ടുമെന്നതല്ല പ്രശ്നം, മറിച്ച് നാം എടുക്കുന്ന നിലപാടാണ് പ്രാധാന്യമെന്ന് പാമ്പൻ മാധവൻ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് പി ജയരാജൻ പറഞ്ഞു. മാധ്യമങ്ങളെ കുറ്റപ്പെടുത്താനും അദ്ദേഹം സമയം കണ്ടെത്തി. ഫേസ്ബുക്ക് കണ്ടിട്ടില്ലെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് പി ജയരാജന്‍റെ മറുപടി.