ജയലളിതയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണം; തോഴി ശശികലയ്ക്കെതിരെ റിപ്പോര്‍ട്ടില്‍ ഗുരുതര പരാമർശങ്ങള്‍

Jaihind Webdesk
Tuesday, October 18, 2022

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന നിർദേശവുമായി ഏകാംഗ കമ്മീഷന്‍ റിപ്പോർട്ട്. ജയലളിതയുടെ തോഴിയായിരുന്ന വി.കെ ശശികല, അന്നത്തെ ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, അപ്പോളോ ആശുപത്രി ചെയർമാന്‍ തുടങ്ങിയവർക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണ് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ അറുമുഖസാമി സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. 2017 ഓഗസ്റ്റിലാണ് ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ അണ്ണാ ഡിഎംകെ സർക്കാർ ജസ്റ്റിസ് അറുമുഖസാമി കമ്മീഷനെ നിയോഗിച്ചത്.

2016 ഡിസംബർ 5 ന് രാത്രിയിലാണ് അപ്പോളോ ആശുപത്രിയിലായിരുന്നു ജയലളിതയുടെ അന്ത്യം. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. മരണത്തില്‍ വന്‍ ദുരൂഹതകള്‍ ആരോപിക്കപ്പെട്ടതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് അന്വേഷിക്കാൻ 2017 ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ ജസ്റ്റിസ് അറുമുഖസാമി കമ്മിഷനെ നിയോഗിച്ചത്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് 2017 ൽ അന്നത്തെ അണ്ണാ ഡിഎംകെ സർക്കാർ നിർദേശം നൽകിയിരുന്നത്. എന്നാല്‍ 2017 ൽ രൂപീകരിച്ച കമ്മീഷന്‍റെ കാലാവധി വിവിധ കാരണങ്ങളാൽ 14 തവണയാണ് നീട്ടിയത്. 2016 സെപ്റ്റംബർ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്ന സാഹചര്യം മുതല്‍ ഡിസംബർ 5 ന് മരിക്കുന്നതുവരെ ലഭിച്ച ചികിത്സയുടെ വിവരങ്ങള്‍ വരെ വിശദമായി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താനാണ് കമ്മീഷന് നിർദേശം നല്‍കിയത്.

ജയലളിത മരിക്കുന്ന സമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമമോഹന റാവുവിനെതിരെയും അന്നത്തെ ആരോഗ്യമന്ത്രി സി.വിജയകുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. ജയലളിതയെ ചികിത്സിച്ചിരുന്ന അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യാജ പ്രസ്താവനകൾ ഇറക്കിയതായും റിപ്പോർട്ടിലുണ്ട്. മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം, വി.കെ ശശികലയുടെ സഹോദര ഭാര്യയായ ഇളവരശി അടക്കം 154 സാക്ഷികളെയാണ് കമ്മിഷന് മുന്നിൽ വിസ്തരിച്ചത്. എന്നാല്‍ നിരവധി തവണ  ആവശ്യപ്പെട്ടിട്ടും ശശികല കമ്മീഷന് മുന്നിൽ ഹാജരായില്ല. 2021ൽ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ ഡിഎംകെ സർക്കാർ ജയലളിതയുടെ മരണം വിശദമായി അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ജസ്റ്റിസ് അറുമുഖസാമി തയാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാരിനു സമർപ്പിച്ചത്. റിപ്പോർട്ട് തമിഴ്നാട് സർക്കാർ ഇന്ന് നിയമസഭയിൽ വെച്ചു