‘ജവാന്‍’ സൈനികര്‍ക്ക് നാണക്കേട്, പേര് മാറ്റണം; സര്‍ക്കാരിന് നിവേദനം

Jaihind Webdesk
Tuesday, August 9, 2022

തിരുവനന്തപുരം: ജവാന്‍ റമ്മിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം. സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാന്‍ റമ്മിന്‍റെ പേര് സൈനികര്‍ക്ക് നാണക്കേടാണെന്ന് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നികുതി വകുപ്പിനു നൽകിയ നിവേദനം എക്സൈസ് കമ്മീഷണർക്ക് കൈമാറി.

ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്നും മദ്യത്തിന്‍റെ പേര് മാറ്റണമെന്നും പരാതിയിൽ പറയുന്നു. അതേസമയം സംസ്ഥാന സർക്കാർ ഉൽപാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാൻഡായതിനാൽ പരാതി പരിഗണിക്കാന്‍ സാധ്യതയില്ല. എന്തായാലും നടപടിക്രമങ്ങളുടെ ഭാഗമായി പരാതി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്.

തിരുവല്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ്  7500 കെയ്സ് ജവാൻ മദ്യമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. ഉല്‍പാദനം ഇരട്ടിയിലധികമാക്കി ഉയര്‍ത്താനാവശ്യമായ നടപടികള്‍‍ സ്വീകരിക്കണമെന്ന കമ്പനിയുടെ ആവശ്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ഇതിന് 1 കോടിയിലേറെ ചെലവ് വരും.