അണികള്‍ മാത്രമല്ല, നേതൃത്വവും തരംതാഴുന്നു ; സൈബര്‍ ആക്രമണത്തില്‍ സിപിഎമ്മിനെതിരെ ജനയുഗം

Jaihind News Bureau
Thursday, August 13, 2020

 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. വിമര്‍ശകരുടെ വേര് ചികഞ്ഞുപോയി അടിമണ്ണ് ഒലിച്ചു പോകരുതെന്ന് ജനയുഗത്തിന്‍റെ ലേഖനത്തില്‍ പറയുന്നു. അണികള്‍ മാത്രമല്ല, നേതൃത്വവും നിലവാരം വിട്ട് തരംതാഴുന്നുവെന്നും വിമര്‍ശനം.

അണികൾ നൽകുന്ന ആവേശത്തെ നേതാക്കൾ ചാനലിൽ ആയുധമാക്കരുത്. അണികൾ മാത്രമല്ല നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുകയാണ്. ഇതിനെ രാഷ്ട്രീയ ജീർണതയായി മാത്രമേ സമൂഹം വിലയിരുത്തൂ. സർക്കാരിനെതിരായ വിമർശനങ്ങളും ചോദ്യങ്ങളും ഉയർന്നതോടെയാണ് മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ അതിക്രമങ്ങൾ തുടങ്ങിയത്. മാധ്യമ പ്രവര്‍ത്തകരേയും കുടുംബങ്ങളേയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം സൈബർ ആക്രമണത്തിൽ സിപിഎമ്മിനെതിരെ ജനയുഗം തൊടുത്ത ഒളിയമ്പ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമെന്ന കാര്യത്തിൽ സംശയമില്ല.