ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജനമഹായാത്രയ്ക്ക് സമാപനം

ലാഘവബുദ്ധിയോടെയാണ് യുദ്ധത്തെ പ്രധാനമന്ത്രി കാണുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജവാന്മാരുടെ ജീവത്യാഗം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയും വാഗ്ദാനങ്ങളെ കാറ്റിൽ പറത്തിയ ഭരണാധികാരികളാണ് മോദിയും പിണറായിയുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതായിരുന്നു ജനമഹായാത്രയുടെ സമാപന സമ്മേളനത്തിൽ നേതാക്കളുടെ വാക്കുകൾ. യുദ്ധസമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്.കുട്ടികളിയായി യുദ്ധത്തെ പ്രധാനമന്ത്രി കാണരുതെന്നും പുൽവാമയിലെ ജവാന്മാരുടെ മരണത്തിന് ഉത്തരവാദികളായവർ ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.അതേസമയം പിന്നോക്കക്കാരുടെ വോട്ട് നേടാൻ നേതാക്കളുടെ തിണ്ണ നിരങ്ങുകയാണ് മുഖ്യമന്ത്രിയെന്നും സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പിണറായിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജവാൻമാരുടെ ജീവന്റെ വില പാർട്ടിയുടെ നേട്ടമായി ബിജെപി കണക്കാക്കുകയാണ്. ജനങ്ങളെ വഞ്ചിക്കാൻ പ്രധാനമന്ത്രി നിരന്തരം ശ്രമം നടത്തുകയാണെന്നും അക്രമ രാഷ്ടീയത്തിന്റെ പ്രതീകമായി പിണറായി വിജയൻ മാറിയെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഉമ്മൻചാണ്ടി പറഞ്ഞു.

കർഷകർ കഷ്ട്ടപ്പെടുമ്പോൾ സംസ്ഥാന സർക്കാർ നിദ്രയിലാണെന്നും കർഷകരുടെ കടങ്ങൾ എഴുതിതള്ളാൻ പിണറായി വിജയൻ തയ്യറാണൊയെന്നും തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ചോദിച്ചു.

കെപിസിസി പ്രചരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ, കെപിസിസി വർക്കിംങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ,
മുൻ കെപിസിസി അധ്യക്ഷന്മാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം സുധീരൻ, എം.എം ഹസൻ, എം.പിമാർ,എം.എൽ.എമാർ തുടങ്ങിയ നേതാക്കളുടെ വലിയ നിരയായിരുന്നു സമാപന സമ്മേളനത്തിൽ അണിനിരന്നത്.

Comments (0)
Add Comment