ജനമഹായാത്ര തൃശൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി; നാളെ എറണാകുളം ജില്ലയില്‍ പ്രവേശിക്കും

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര തൃശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി ആവേശോജ്വല വരവേൽപാണ് ജില്ലയിലെ 12 കേന്ദ്രങ്ങളിലും ജനമഹായാത്രയ്ക്ക് നൽകിയത്.

പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് അനുശോചനം രേഖപ്പെടുത്തിയായിരുന്നു ജില്ലയിലെ മൂന്നാം ദിന പര്യടനം ആരംഭിച്ചത്. നമ്മൾ കണ്ടെത്തിയ ഇന്ത്യയെ നമ്മൾ വീണ്ടെടുക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ ജനാമഹായാത്രയ്ക്ക് സാംസ്കാരിക നഗരി നൽകിയത് വീരോചിത വരവേൽപായിരുന്നു.

പ്രാചീന കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും നൂറുകണക്കിന് വാഹനങ്ങളുടെയും അകമ്പടിയോടെയാണ് മൂന്നാം ദിനത്തിൽ ജനമഹായാത്രയെ ആമ്പല്ലൂർ, ഇരിങ്ങാലക്കുട, എറിയാട്, മാള, ചാലക്കുടി തുടങ്ങിയ സ്വീകരണവേദികൾ വരവേറ്റത്. കേന്ദ്ര സംസ്ഥാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ചായിരുന്നു ജാഥാ ക്യാപ്റ്റനായ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസംഗം.

വഴിയോരങ്ങളിൽ കാത്തു നിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തായിരുന്നു ജാഥാക്യാപ്റ്റൻ കടന്നുപോയത്. ജില്ലയിലെ സമാപന സ്ഥലമായ ചാലക്കുടിയിൽ പ്രവർത്തകരുടെ നിറഞ്ഞ സാന്നിധ്യമായിരുന്നു. കെ.പി.സി.സി പ്രചരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.സി ചാക്കോ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ, ഡി.സി.സി പ്രസിഡന്‍റ് ടി.എൻ പ്രതാപൻ തുടങ്ങിയ നേതാക്കളും ജില്ലയിലെ സമാപന വേദിയില്‍ എത്തിച്ചേര്‍ന്നു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി തൃശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ജനമഹായാത്ര ഇനി എറണാകുളം ജില്ലയിലേക്ക് കടക്കും.

 

mullappally ramachandranjanamahayathra
Comments (0)
Add Comment