കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. പയ്യന്നൂരിലാണ് ആ ജില്ലയിലെ ആദ്യ സ്വീകരണം നൽകിയത്. ജനമഹായാത്ര കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടിയിലും, തളിപ്പറമ്പിലും പര്യടനം നടത്തി. മാർക്സിസ്റ്റ് പാർട്ടി പാർലമെന്റിൽ ബിജെപിയുമായി കൈകോർക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ .
ജില്ലാ അതിർത്തിയായ ഒളവറ പാലത്തിന് സമീപം കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ കെപിസിസി പ്രസിഡന്റിനെ സ്വീകരിച്ചതോടെ ജനമഹായാത്രയുടെ കണ്ണൂർ ജില്ലയിലെ പര്യടനത്തിന് തുടക്കമായി. പയ്യന്നൂരിലാണ് ജില്ലയിലെ ആദ്യ സ്വീകരണ പൊതുയോഗം നടന്നത്. പയ്യന്നൂരിലെത്തിയ ജാഥനായകനെ നേതാക്കളും പ്രവർത്തകരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണ പൊതുയോഗം നടന്ന ഗാന്ധി പാർക്കിലേക്ക് സ്വീകരിച്ചാനയിച്ചു. സിപിഎമ്മിനും, ബിജെപിക്കും എതിരെ കടുത്ത വിമർശനമാണ് ജാഥനായകൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത്.
മാർക്സിസ്റ്റ് പാർട്ടി പാർലമെന്റിൽ ബിജെപിയുമായി കൈകോർക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
മമത ബാനർജിക്കെതിരെയുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരെ കോൺഗ്രസ്സ് നിലപാടെടുത്തപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ബിജെപിക്കൊപ്പം നിന്നതായും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മതേതര കക്ഷികൾ കൊൽക്കത്തയിൽ നടത്തിയ റാലി കണ്ട് വിറളി പിടിച്ചാണ് ബിജെപി മമതയ്ക്കെതിരെ തിരിഞ്ഞതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടിയിലും ആവേശകരമായ സ്വീകരണമാണ് കെപിസിസി പ്രസിഡന്റിന് പ്രവർത്തകർ നൽകിയത്. തുടർന്ന് തളിപ്പറമ്പിലും ജനമഹായാത്രയുടെ നായകൻ സ്വീകരണം ഏറ്റുവാങ്ങി. ബുധനാഴ്ച കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജനമഹാ യാത്ര വയനാട് ജില്ലയിലേക്ക് പ്രവേശിക്കും