കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും

Jaihind Webdesk
Monday, February 4, 2019

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്ന് കണ്ണൂർ ജില്ലയില്‍ പ്രവേശിക്കും. ഇന്ന് വൈകുന്നേരം പയ്യന്നൂരിലാണ് ആദ്യ സ്വീകരണം. ജാഥയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി അറിയിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെയാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജനമഹാ യാത്ര സംഘടിപ്പിക്കുന്നത്. ജനാധിപത്യ മതേതരത്വ ആശയങ്ങൾ പ്രചരിപ്പിക്കുക, സമാധാന ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന അതിക്രമങ്ങൾക്ക് എതിരെ ജനമനസാക്ഷി ഉണർത്തുക എന്നതാണ് ജനമഹാ യാത്രയുടെ ലക്ഷ്യം.

ജില്ലയിലെ പത്ത് കേന്ദ്രങ്ങളിലാണ് ജാഥാ നായകന് സ്വീകരണം നൽകുക. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ജില്ലാ അതിർത്തിയായ ഒളവറ പാലത്തിന് സമീപം കണ്ണൂർ ഡി.സി.സി നേതാക്കൾ കെ.പി.സി.സി പ്രസിഡന്‍റിനോടെ സ്വീകരിക്കുന്നതോടെ ജില്ലയിലെ പര്യടനത്തിന് തുടക്കമാവും. തുടർന്ന് കല്യാശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടിയിലും, തുടർന്ന് തളിപ്പറമ്പിലും ജനമഹായാത്രയ്ക്ക് സ്വീകരണം നൽകും.

നാളെ ഇരിക്കൂർ, പേരാവൂർ, മട്ടന്നൂർ, ധർമടം നിയോജക മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ബുധനാഴ്ച തലശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജനമഹായാത്ര വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.