കാരുണ്യത്തണലില്‍ നാട്ടിലേയ്ക്ക്… ഉമ്മൻ ചാണ്ടിയെ നേരില്‍ കണ്ട് നന്ദി പറഞ്ഞ് ജാനകി

Jaihind News Bureau
Monday, May 25, 2020

ലോക്ക് ഡൗണിൽ കുടുങ്ങിയ ജാനകിക്ക് വീടെത്താൻ വഴിയൊരുക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കർണാടകയിലെ ബീജാപൂരിലേക്ക് മടങ്ങും മുൻപ് യാത്ര പറയാൻ ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ ജാനകി എത്തി.

കര്‍ണാടക ബിജാപുര്‍ സ്വദേശിനിയായ ജാനകി മത്ത് ആണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിലൂടെ വിമാനമാര്‍ഗം നാട്ടിലേക്ക് തിരിച്ചത്.
എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ജാനകി ട്രെയിനിംഗിനായി തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയിലെത്തിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരികെ നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. ലോക്ക് ഡൗണ്‍ രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് നീട്ടിയതോടെ ജാനകിയുടെ ഹോസ്റ്റല്‍ കാര്യങ്ങളുള്‍പ്പെടെ ബുദ്ധിമുട്ടിലായി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയായ ജിതയുടെ സഹായത്തോടെ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുകയായിരുന്നു. ഫ്‌ളൈറ്റ് ടിക്കറ്റും ഹോസ്റ്റല്‍ ഫീസും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടി സ്വന്തം നിലയില്‍ തന്നെയാണ് ഏര്‍പ്പാടാക്കിയത്. ബിജാപുരില്‍ നിന്ന് ജാനകിയുടെ വീട്ടിലേക്ക് മണിക്കൂറുകളുടെ യാത്രയുണ്ട്. ഈ പ്രശ്‌നവും പരിഹരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയായിരുന്നു ഒരാളുടെ കരുതലും ലാളിത്യവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജാനകി പറയുന്നു. കരുതലിന്‍റെയും സ്‌നേഹത്തിന്‍റെയും സൗമ്യസാന്നിധ്യമായ ഉമ്മന്‍ ചാണ്ടി എന്ന മുന്‍ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തിരുവനതപുരത്തിൽ നിന്ന് ബാംഗ്ളരുവിലേക്ക് പറന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് കുടുങ്ങിപ്പോയ നിരവധി പേര്‍ക്കാണ് ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ തുണയാകുന്നത്. പരമാവധി സഹായം ചെയ്യാന്‍ സന്നദ്ധനായി അദ്ദേഹം എപ്പോഴും കൂടെയുണ്ട്.