മോദിയും പിണറായിയും ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ; ചരിത്രം കുറിച്ച് എം ലിജു നയിച്ച പദയാത്രയ്ക്ക് സമാപനം | Video

Jaihind News Bureau
Monday, February 24, 2020

ആലപ്പുഴ : നാട് വെല്ലുവിളി നേരിടുകയാണെന്നും ജനങ്ങളോട് യുദ്ധം ചെയ്യാൻ വേണ്ടിയാണ് ഫാസിസ്റ്റ് ഭരണം മോദി നടപ്പാക്കുന്നതെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു നടത്തിയ ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്രയുടെ സമാപന സമ്മേളനം ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 458 കിലോമീറ്റർ പ്രയാണം നടത്തി ചരിത്രം കുറിച്ചാണ് ജനകീയ പ്രക്ഷോഭ ജ്വാല പദയാത്ര സമാപിച്ചത്.

കഴിവുകെട്ട ഭരണാധികാരികളാണ് കേരളം ഭരിക്കുന്നതെന്നും മോദിയും പിണറായിയും ജനങ്ങളെ വഞ്ചിക്കുകയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജനാധിപത്യ, ഭരണഘടനാപരമായ സ്ഥാപനങ്ങള്‍ തകർക്കപ്പെട്ടു. പരാജയപ്പെട്ട രണ്ട് ഭരണാധികാരികളാണ് പിണറായിയും മോദിയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

246 കോടി രൂപയുടെ അഴിമതിയാണ് കുടിവെള്ള പദ്ധതിയിലൂടെ ആലപ്പുഴയിൽ സർക്കാർ നടത്തിയത്. കരാറുകാരെ രക്ഷിക്കുന്ന നയമാണ് സർക്കാരിന്‍റേതെന്നും ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു പറഞ്ഞു. 44 തവണ പൊട്ടിയ പൈപ്പിട്ട കരാറുകാർക്കെതിരെയോ അതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെയോ ചെറുവിരല്‍ പോലും അനക്കാത്ത അഴിമതി സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും എം ലിജു കുറ്റപ്പെടുത്തി.

ഇരുപത് ദിവസങ്ങളിലായി 458 കിലോമീറ്റർ പ്രയാണം നടത്തി ചരിത്രം കുറിച്ചാണ് എം ലിജു നയിച്ച ജനകീയ പ്രക്ഷോഭ ജ്വാല പദയാത്ര സമാപിച്ചത്. സക്കറിയ ബസാറിൽ നിന്നാരംഭിച്ച് വൻ റാലിയോടെയാണ് ജനകീയ പ്രക്ഷോഭ ജ്വാല പദയാത്ര റിക്രിയേഷൻ മൈതാനത്ത് സമാപിച്ചത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി, രമ്യാ ഹരിദാസ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം മുരളി, ജോൺസൺ എബ്രഹാം, ഷാനിമോൾ എം.എൽ.എ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.