ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ജൂണിൽ നടന്നേക്കും

Jaihind Webdesk
Saturday, March 16, 2019

Election-Commission-of-India

ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ജൂണിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിനു ശേഷം കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ ധാരണയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

റംസാൻ കഴിഞ്ഞതിനു ശേഷം അമർനാഥ് യാത്ര ആരംഭിക്കുന്നതിനു മുമ്പായി തെരഞ്ഞെടുപ്പ് നടക്കും. റംസാൻ മാസം ജൂൺ നാലിന് അവസാനിക്കും. അമർനാഥ് യാത്ര ജൂലൈ ഒന്നിന് ആരംഭിക്കുകയും ചെയ്യും. ഇതിനിടയിൽ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. കേന്ദ്രസർക്കാരിൻറെ കാലാവധി കഴിയുന്നതിനു മുമ്പാകും ഇത്. ജൂലൈ മൂന്നിനാണ് കേന്ദ്രസർക്കാരിൻറെ കാലാവധി അവസാനിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടക്കുന്നതെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലാവും നടക്കുക. കാഷ്മീരിലെ സംഘർഷങ്ങൾ കണക്കിലെടുത്താണ് നടപടി. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശത്തെ സംസ്ഥാന ഭരണകൂടമാണ് തള്ളിയത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തിയാൽ ആയിരത്തോളം സ്ഥാനാർഥികൾക്ക് ഒരേസമയം സുരക്ഷ ഒരുക്കേണ്ടിവരുമെന്നും ഇത് അസാധ്യമായിരിക്കുമെന്നുമാണ് സംസ്ഥാന ഭരണകൂടം അറിയിച്ചത്.

ജനുവരി 21 ജമ്മുകശ്മീർ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വീഡിയോ കോൺഫ്രൻസിലൂടെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് സുരക്ഷ വെല്ലുവിളിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ജൂണിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന നിർദേശം ഈ ചർച്ചയിലാണ് മുന്നോട്ടുവച്ചത്. ഫെബ്രുവരി 18 ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ റിവ്യൂമീറ്റിംഗിലാണ് സംസ്ഥാന ഭരണകൂടത്തിൻറെ നിർദേശത്തിനു അംഗീകാരമായത്.