ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാക്ക് വെടിവയ്പ്പ്

Jaihind Webdesk
Friday, October 27, 2023


ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ ജവാന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്നലെ രാത്രി ജമ്മു കാശ്മീരിലെ അര്‍ണിയയിലാണ് സംഭവം. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. ഇരു വശത്തും ആക്രമണം പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഇന്ത്യന്‍ സൈന്യം പറയുന്നു. സംഭവത്തില്‍ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാന്റെ ആക്രമണത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കും കേടുപാടുണ്ടായി. അതിനിടെ കുപ്വാര സെക്ടറില്‍ ഭീകരര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.