ജമ്മുകശ്മീരിന്‍റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കും; ഉറപ്പുമായി രാഹുല്‍ ഗാന്ധി

 

ജമ്മുകശ്മീര്‍: ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതിന് വേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നും രാഹുല്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി തിരിച്ചെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബിജെപി അതിന് തയ്യാറായില്ല. കേന്ദ്ര ഭരണ പാര്‍ട്ടി ആഗ്രഹിച്ചാലും ഇല്ലെങ്കിലും സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പദവി മാത്രമല്ല റദ്ദാക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സമ്പത്തും തിരിച്ചുപിടിക്കേണ്ടതുണ്ട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ മാസം 18, 25, അടുത്ത മാസം 8 എന്നീ തീയ്യതികളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ്. സംസ്ഥാനം രണ്ടായി വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ശേഷം ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019 കശ്മീരിന് സവിശേഷ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെയാണ് സംസ്ഥാനത്തെ വിഭജിച്ചത്.

 

Comments (0)
Add Comment