ജമ്മു-കശ്മീര്‍ നിയമസഭ ഗവർണർ പിരിച്ചുവിട്ടു

Jaihind Webdesk
Thursday, November 22, 2018

Satyapal-Malik-J&K Governor

ബി.ജെ.പിക്ക് തിരിച്ചടിയായി പി.ഡി.പിയും നാഷണൽ കോൺഫറൻസും കോൺഗ്രസും ചേർന്ന് വിശാല മുന്നണി സർക്കാർ രൂപീകരിക്കാൻ സാധ്യത തെളിഞ്ഞതിന് പിന്നാലെയാണ് ഗവർണര്‍ സത്യപാല്‍ മാലിക്കിന്‍റെ നടപടി. ഇതോടെ ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തെളിഞ്ഞു.

നിയമസഭ പിരിച്ചു വിട്ടതോടെ സംസ്ഥാനത്ത് ആറ് മാസമായി നിലവിലുള്ള ഗവർണർ ഭരണം തുടരും. സഭ പിരിച്ചു വിട്ടതിനാൽ ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. ഭൂരിപക്ഷമുണ്ടായിട്ടും സർക്കാരുണ്ടാക്കാൻ സമ്മതിക്കാതെ സഭ പിരിച്ചു വിട്ടതിനെതിരെ വിശാല മുന്നണി സുപ്രീം കോടതിയെ സമീപിച്ചേക്കും. ബി.ജെ.പി വിരുദ്ധ സർക്കാർ വരുന്നത് തടയാൻ കേന്ദ്രം ഗവർണറെ കരുവാക്കി സഭ പിരിച്ചു വിട്ടതാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ പി.ഡി.പി, കോൺഗ്രസിന്‍റെയും നാഷണൽ കോൺഫറൻസിന്‍റെയും പിന്തുണയോടെ ഗവൺമെന്‍റ് രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന് ഇന്നലെ ഗവർണർക്ക് എഴുതിയ കത്തിൽ പാർട്ടി നേതാവ് മെഹബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു. മൊത്തം 56 അംഗങ്ങളുടെ പിന്തുണയും മുഫ്തി അവകാശപ്പെട്ടു. അതേസമയം, ബി.ജെ.പിയും സഖ്യസർക്കാരുണ്ടാക്കാൻ ശ്രമം തുടങ്ങിയിരുന്നു. മറ്റ് 18 അംഗങ്ങളുടെ ഉൾപ്പെടെ 45 പേരുടെ പിന്തുണ അവകാശപ്പെട്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചിരുന്നു.

പി.ഡി.പി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് കക്ഷികളെ പിളർത്തി ഭൂരിപക്ഷം ഉണ്ടാക്കാനായിരുന്നു നീക്കം. ഇരുപക്ഷവും ഭൂരിപക്ഷം അവകാശപ്പെട്ടതിന് പിന്നാലെയാണ് ഗവർണർ സത്യപാൽ മാലിക് സഭ പിരിച്ചു വിട്ടത്. അതിനിടെയാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വിശാല മുന്നണിയിൽ ചേരാൻ പി.ഡി.പിയും ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസും തീരുമാനിച്ചത്. ഇരുവരേയും ഒന്നിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ഗുലാം നബി ആസാദിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ചർച്ചകളാണ് ഫലം കണ്ടത്. മെഹബൂബ സർക്കാരിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂൺ മുതൽ ജമ്മു-കശ്മീരിൽ ഗവർണർ ഭരണമാണ്.