വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൂത്ത മകൻ സലാഹ് ഖഷോഗി സൗദി അറേബ്യ വിട്ടു. സലാഹിന് നേരത്തെ സൗദി വിട്ടുപോകാൻ വിലക്കുണ്ടായിരുന്നു. സലാഹ് എവിടേയ്ക്കാണു പോയതെന്നോ യാത്രാവിലക്കു നീക്കിയിരുന്നോ തുടങ്ങിയ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതേസമയം പ്രോസിക്യൂട്ടർമാർ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ദിവസം സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സലാഹിനെയും സഹോദരനെയും കൊട്ടാരത്തിൽ വിളിച്ചുവരുത്തി ഖഷോഗിയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു.
ഇതിനിടെ, ഖഷോഗിയുടെ കൊലപാതകം ആസൂത്രണം ചെയ്തതാണെന്നു സൗദി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. സൗദി തുർക്കി സംയുക്ത അന്വേഷണ സംഘം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂട്ടർമാർ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഖഷോഗിയെ കൊലപ്പെടുത്തിയ 15 അംഗ സൗദി സംഘത്തിലുള്ളവരെയാണ് ചോദ്യം ചെയ്യുന്നത്. ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട ശബ്ദ റെക്കോർഡിങ്ങുകൾ തുർക്കി സന്ദർശിച്ച അമേരിക്കൻ ചാരസംഘടന സിഐഎയുടെ മേധാവി ജിന ഹാസ്പെൽ കേട്ടു വിലയിരുത്തി. തെളിവുകൾ കൈവശമുണ്ടെന്നു തുർക്കി അധികൃതർ നേരത്തെ അവകാശപ്പെട്ടിരുന്നു. ഖഷോഗി വധം രാജ്യാന്തര കോടതിയിലെത്തിക്കുന്നതിനു താൽപര്യമില്ലെന്ന് തുർക്കി വ്യക്തമാക്കി. എന്നാൽ, രാജ്യാന്തര അന്വേഷണമുണ്ടാവുകയും വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്താൽ നൽകും. ഖഷോഗിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ഉത്തരവാദികൾ സൗദിയിലെ എത്ര ഉന്നതരായാലും ശിക്ഷിക്കണമെന്നും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ ആവശ്യപ്പെട്ടിരുന്നു.