തിരുവനന്തപുരം: കടുത്ത വിദ്വേഷ പരാമര്‍ശവുമായി കെ.ടി ജലീല്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലാവുന്ന 99% വും മുസ്ലിം പേരുള്ളവര്‍ ആണെന്നുമാണ് ഭരണപക്ഷ എംഎല്‍എ കെടി ജലീല്‍ പറയുന്നത്. ഇതിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജലീല്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിലാണ് വിവാദ പരാമര്‍ശം ഉന്നയിച്ചത്.
പരാമര്‍ശം പുറത്തു വന്നതിന് പിന്നാലെ കടുത്ത ഭാഷയില്‍ ജലീലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലും വലിയ വിമര്‍ശനമാണ് ജലീലിന് എതിരെ ഉയര്‍ന്നത്.
ഒരു ക്രൈമിനെ മുസ്ലിങ്ങളുമായി ചേര്‍ത്ത് വയ്ക്കുന്ന സംഘപരിവാര്‍ പ്രവണത ജലീലും ആവര്‍ത്തിക്കുന്നു എന്നാണ് വിടി ബല്‍റാം വിമര്‍ശിച്ചത്. ആരെ സഹായിക്കാനാണ് ഇത്തരം വിദ്വേഷ പരാമര്‍ശം ഉയര്‍ത്തുന്നത് എന്നും അദ്ദേഹം ചോദിച്ചു. പിണറായിയെ പ്രീണിപ്പെടുത്താനുള്ള വ്യഗ്രതയില്‍ സംഘ് പരിവാര്‍ വാദങ്ങളുമായി ജലീലും ഇറങ്ങിയോ എന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണ്ണക്കടത്തുമായി പിടിയിലാവുന്ന പ്രതികളില്‍ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, സിപിഎം, കോണ്‍ഗ്രസ്, ലീഗ്, ബിജെപി, എസ്ഡിപിഐ, സ്ത്രീ, പുരുഷന്‍, വ്യത്യാസമില്ലാതെ പലരുടേയും പേരുകള്‍ പത്രങ്ങളില്‍ നമ്മള്‍ കാണാറുണ്ട്. ഇത്തരം പ്രതികളുടെ മതമോ സമുദായമോ രാഷ്ട്രീയമോ പ്രദേശമോ തിരിച്ചുള്ള കൃത്യമായ കണക്കൊന്നും പൊലീസോ മറ്റ് അധികാരികളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിന്നെന്തിനാണ് ഇക്കാര്യത്തില്‍ ഒരുകൂട്ടര്‍ മാത്രമായി മതവിധി പ്രഖ്യാപിക്കുന്നതെന്നും ബല്‍റാം ചോദിച്ചു.
അല്ലെങ്കിലും ഭരണഘടനാപരമായ മതേതര ജനാധിപത്യ ഭരണവും അന്വേഷണ ഏജന്‍സികളും നീതിന്യായക്കോടതികളുമൊക്കെ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരെ ഉയരേണ്ടത് മതവിധികളാണോ എന്നും കുറ്റകൃത്യങ്ങള്‍ തടയാന്‍ ശക്തമായി നിയമം നടപ്പാക്കുകയാണ് വേണ്ടതെന്നും അതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബല്‍റാം തുറന്നടിച്ചു.