ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികം

Jaihind Webdesk
Saturday, April 13, 2019

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിത സംഭവമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികമാണ് ഇന്ന്.1919 ഏപ്രിലിൽ ഇതേ ദിവസമാണ് പഞ്ചാബ് അമൃതസറിലെ ജാലിയൻ വാലാബാഗ് മൈതാനത്ത് തടിച്ചുകൂടിയ പതിനായിരങ്ങൾക്കുനേരെ ബ്രിട്ടീഷുകാർ വെടിയുതിർത്തത്. ആയിരക്കണക്കിനു പേരാണ് അന്ന് കൊല്ലപ്പെട്ടത്.

1919 ഏപ്രിൽ 13 സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു. അന്ന് അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനു സിഖുകാരും, മുസ്ലിമുകളും ഹിന്ദുക്കളും അന്ന് ജാലിയൻ വാലാബാഗിലെ മൈതാനിയിൽ തടിച്ചുകൂടിയിരുന്നു. ഇംഗ്ലീഷ് യുവതിയെ ഹിന്ദു ദൈവങ്ങളോട് ഉപമിച്ച ജനറൽ ഡയറുടെ പ്രസ്താവന ഒരു പാട് പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്ത്യാക്കാരോടുള്ള ബ്രിട്ടന്റെ തരംതാണ വിവേചനമായാണ് ഇന്ത്യൻ സമൂഹം ആ പ്രസ്താവനയെ കണ്ടത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവനക്കെതിരേ സമാധാനമായി പ്രതിഷേധിക്കാനാണ് അന്ന് ആ യോഗം കൂടിയത്.

യോഗം തുടങ്ങി ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, അന്ന് അമൃത് സറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ റജിനാൾഡ് ഡയർ, 90 അംഗങ്ങൾ വരുന്ന ഒരു ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യന്ത്രവത്കൃതതോക്കുകൾ ഘടിപ്പിച്ച രണ്ട് വാഹനങ്ങൾകൂടി ആ സേനയോടൊപ്പം ഡയർ കൊണ്ടുവന്നിരുന്നു. എന്നാൽ മൈതാനത്തിലേക്കുള്ള വഴി തീരെ ചെറുതായിരുന്നതിനാൽ ആ വാഹനങ്ങൾ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ജാലിയൻവാലാബാഗ് മൈതാനം മതിലുകളാൽ ചുറ്റപ്പെട്ടതാണ്, മൈതാനത്തിലേക്കുള്ള വാതിലുകൾ തീരെ ഇടുങ്ങിയതുമാണ് അതിൽ തന്നെ പലതും സ്ഥിരമായി അടച്ചിട്ടിരിക്കുകയുമാണ്. പ്രധാന വാതിലാണ് താരതമ്യേന വലിപ്പം കൂടിയതെങ്കിലും, ആ പ്രവേശനവാതിൽ ഡയർ സൈനികരെക്കൊണ്ടും വാഹനത്തെക്കൊണ്ടും അടച്ചിരുന്നു.

യോഗം പിരിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകാതെ തന്നെയാണ് ഡയർ വെടിവെപ്പിന് ഉത്തരവിട്ടത്. മീറ്റിങ്ങ് പിരിച്ചുവിടുക എന്നതിലുപരി ഇന്ത്യാക്കാരെ ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു ആ നടപടിയെന്ന് ഡയർ പിന്നീട് പറയുകയുണ്ടായി. വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവെക്കാൻ ഭടന്മാർക്ക് ഉത്തരവ് നൽകി. 1,650 തവണയാണ് പട്ടാളക്കാർ ജനക്കൂട്ടത്തിനു നേരെ വെടിവെച്ചത്. സംഭവത്തിനുശേഷം ഒഴിഞ്ഞു കിടന്ന തിരകളുടെ പൊതികളിൽ നിന്നുമാണ് ഈ കണക്ക് പിന്നീട് ലഭിച്ചത്. അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനായി, ജനങ്ങൾ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറിലേക്ക് ചാടി. 120 മൃതശരീരങ്ങളാണ് ഈ ചെറിയ കിണറിൽ നിന്നുമാത്രമായി ലഭിച്ചത്.

വെടിവെപ്പിൽ മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സർക്കാർ പറഞ്ഞത്. എന്നാലിത് 1800ൽ ഏറെയായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച കോൺഗ്രസ്സിന്റെ കണക്കുകൾ പറയുന്നു. സംഭവത്തിനുശേഷം മാസങ്ങൾകഴിഞ്ഞ് വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ സർക്കാർ മുന്നിട്ടിറങ്ങി. തങ്ങളുടെ കുടുംബത്തിൽ നിന്നും ജാലിയൻവാലാബാഗ് വെടിവെപ്പിൽ മരിച്ചവരുണ്ടെങ്കിൽ അവരുടെ പേരുവിവരം സ്വയമേവ സർക്കാരിനു സമർപ്പിക്കാൻ ഉദ്യോഗസ്ഥർ ജനങ്ങളോട് ആവശ്യപ്പെട്ടു. ഫലപ്രദമായ ഒരു നടപടിയല്ലായിരുന്നു ഇത്. തങ്ങളുടെ പേരുവിവരം പുറത്തറിഞ്ഞാൽ കൂടുതൽ നടപടി ഉണ്ടായേക്കുമെന്ന് കരുതി കുറേയെറെ ആളുകൾ ഈ സന്നദ്ധപ്രവർത്തനത്തിനു മുതിർന്നില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്കുകളേക്കാൾ വളരെ ഉയർന്നതാണ് യഥാർത്ഥ മരണസംഖ്യ എന്ന് ദൃക്‌സാക്ഷികൾ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ കഴിഞ്ഞ ദിവസം ബ്രിട്ടന്‍റെ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി തെരേസ മേ പ്രസ്താവന നടത്തിയിരുന്നു.  എന്നാല്‍ കോളനിക്കാലത്തെ ബ്രിട്ടീഷ് ക്രൂരതകൾക്ക് ഖേദപ്രകടനം മതിയാകില്ലെന്നും പ്രധാനമന്ത്രി തേരസാ മേ മാപ്പ് പറയണമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു. തേരേസാ മേ സമ്പൂർണവും വ്യക്തവും സംശയങ്ങൾക്ക് ഇടനൽകാത്ത വിധവും മാപ്പ് പറയണം എന്നും തരൂർ ആവശ്യപ്പെട്ടു. ജാലിയൻ വാലാബാഗ് കൂട്ടകൊലപാതകത്തിന്‍റെ പ്രായശ്ചിത്തമായി ബ്രിട്ടൺ ഇനിയെങ്കിലും ഇന്ത്യയോട് മാപ്പ് ചോദിക്കണം എന്ന് ശശി തരൂർ 2016ൽ ആൻ ഇറാ ഓഫ് ഡാർക്ക്‌നസ് എന്ന തന്‍റെ പുസ്തകത്തിലൂടെയാണ് ഏറ്റവും ഒടുവിൽ ആവശ്യപ്പെട്ടത്.

Also Read :

ഖേദപ്രകടനം മതിയാവില്ല, തെരേസാ മേ മാപ്പ് പറയണം : ശശി തരൂര്‍