ബന്ധുനിയമനത്തില്‍ ജലീലിന് സുപ്രീം കോടതിയിലും തിരിച്ചടി; ലോകായുക്ത വിധിക്ക് സ്റ്റേയില്ല

Jaihind Webdesk
Friday, October 1, 2021

K.T-Jaleel

ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിന് സുപ്രീം കോടതിയില്‍ തിരിച്ചടി. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുന്‍  ജലീല്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ലോകായുക്ത ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി.

ബന്ധുവിനെ നിയമിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് കോടതി പറഞ്ഞു. ബന്ധു അല്ലെങ്കിൽ വാദങ്ങൾ പരിശോധിക്കാമായിരുന്നെന്നും ലോകായുക്ത കണ്ടെത്തൽ ശരിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അപേക്ഷകൾ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണത്തിന് പിന്നാലെ ജലീൽ ഹർജി പിൻവലിച്ചു.

ബന്ധുവിനെ നിയമിക്കാൻ യോഗ്യതയിൽ മാറ്റം വരുത്തിയെന്നും അതിനാൽ മന്ത്രിസ്ഥാനത്ത് തുടരാൻ ജലീലിന് അർഹത ഇല്ലെന്നും നേരത്തെ ലോകായുക്ത കണ്ടെത്തിയിരുന്നു. ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജലീലിന്‍റെ ബന്ധു കെ.ടി അദീബിനെ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദമായത്.  ലോകായുക്ത വിധി ചോദ്യം ചെയ്ത ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചത്.