ബിജെപി ഭരണത്തിൽ അതിക്രമങ്ങളോ വൻ അഴിമതികളോ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളോ ഒന്നും ഒരൽഭുതമല്ല. എങ്കിലും ഭോപ്പാലിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വോട്ടർമാരെ മാത്രമല്ല അധികൃതരെയും ചെറുതായൊന്നു ഞെട്ടിച്ചു. ആകെ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തെക്കാൾ കൂടുതൽ വോട്ടുകളാണ് ഈ വോട്ടിംഗ് മെഷീനിൽ ഉള്ളത്. ഒന്നും രണ്ടുമല്ല, 45 എണ്ണം കൂടുതൽ.
മധ്യപ്രദേശിലെ ഷാഹ്ദോൽ ജില്ലയിൽ ബുധാർ പട്ടണത്തിലെ ജയ്ട്പൂർ മണ്ഡലത്തിലാണ് സംഭവം. ഔദ്യോഗിക രജിസ്റ്ററിലെ കണക്ക് പ്രകാരം 124ആം നമ്പർ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർ രേഖപ്പെടുത്തിയത് 819 വോട്ടുകളാണ്. എന്നാൽ പോളിംഗ് അവസാനിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കാണിച്ചത് 864 വോട്ടുകൾ. ഇതോടെ കോൺഗ്രസ് പ്രതിനിധികൾ പ്രതിഷേധവുമായി എത്തി.
രജിസ്റ്ററിലെയും വോട്ടിംഗ് മെഷീനിലെയും ഡാറ്റകൾ തമ്മിൽ 45 വോട്ടുകളുടെ വ്യത്യാസം കണ്ടെത്തിയെന്നും നവംബർ 30ന് തന്നെ ഇക്കാര്യം വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നുവെന്നും റിട്ടേണിംഗ് ഓഫീസർ ജി.സി. ദഹരിയ ദേശീ മാധ്യമത്തിനോട് പറഞ്ഞു.
മോക് ഇലക്ഷന്റെ ഡാറ്റ വോട്ടിംഗ് മെഷീനിൽ നിന്ന് മാറ്റാൻ പ്രിസൈഡിംഗ് ഓഫീസർ മറന്നതാകാം ഇതിന് കാരണമെന്നും അതിനാൽ വോട്ടണ്ണലിനെയോ തെരഞ്ഞെടുപ്പ് ഫലത്തെയോ ഇത് ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലം താരതമ്യം ചെയ്ത് ഉറപ്പാക്കുന്നതിന് വിവിപാറ്റ് രസീതുകൾ പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിശദീകരണങ്ങൾ എന്ത് തന്നെയായാലും അത് വിശ്വാസത്തിലെടുക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളൊന്നും തന്നെ തയ്യാറല്ല.