മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരായ പരാമർശം; മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ജൂലൈ രണ്ടിന് ലോക്‌സഭയിൽ നടത്തിയ പരാമർശത്തിലാണ് നോട്ടീസ്. എഐസിസി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ജയ്റാം രമേഷാണ് മോദിക്കെതിരെ അവകാശനലംഘനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധന്‍കർക്ക് കത്ത് നല്‍കിയത്.

ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് ലോക്സഭയിലെ പ്രസംഗത്തിനിടെ രാജ്യസഭാ മുൻ ചെയർമാൻ ഹമീദ് അൻസാരി പ്രതിപക്ഷത്തോട് ചായ്‌വ് കാണിക്കുകയാണെന്ന് മോദി ആരോപിച്ചിരുന്നു. ഹമീദ് അന്‍സാരിയുടെ അഭാവത്തില്‍ നടത്തിയ പരാമർശം അദ്ദേഹത്തെയും രാജ്യസഭയെ തന്നെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് ജയ്റാം രമേശ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കർക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. മോദി അൻസാരിയെ ലക്ഷ്യമിടുന്നത് ഇതാദ്യമായല്ലെന്നും 7 വർഷം മുമ്പ് അൻസാരിയുടെ വിടവാങ്ങൽ പ്രസംഗത്തിനിടെ മോദി അദ്ദേഹത്തിനെതിരെ പറഞ്ഞിരുന്നതും ജയ്റാം രമേശ് കത്തില്‍ പരാമർശിച്ചു.

“ജൂലൈ 2ന് ലോക്‌സഭയിൽ ബയോളജിക്കൽ അല്ലാത്ത പ്രധാനമന്ത്രി പറഞ്ഞ ഒരു കാര്യം മാധ്യമശ്രദ്ധയിൽ നിന്ന് രക്ഷപ്പെട്ടു. അദ്ദേഹം പറഞ്ഞത് വളരെ ഭയാനകവും അസ്വീകാര്യവുമാണ്, അത് ഉടനടി നീക്കം ചെയ്യേണ്ടതായിരുന്നു” – ജയ്റാം രമേശ് പറഞ്ഞു. മോദിഎല്ലാ പാർലമെന്‍ററി മാനദണ്ഡങ്ങളും ലംഘിച്ചെന്നും അദ്ദേഹം വഹിക്കുന്ന ഓഫീസിന്‍റെ അന്തസിന് കളങ്കം വരുത്തിയെന്നും അതിനാല്‍ അവകാശലംഘനത്തിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ തയാറാകണമെന്നും ജയ്റാം രമേശ് കത്തില്‍ ആവശ്യപ്പെട്ടു.

 

 

Comments (0)
Add Comment