ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ രാജ്യ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. തുടർച്ചയായി ജമ്മു-കശ്മീരില്‍ ഉണ്ടാവുന്ന ആക്രമണങ്ങളും ചൈനയുടെ കടന്നുകയറ്റവും രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മനോജ് പാണ്ഡെയുടെ വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശം ഇന്ത്യയുടെ ദേശീയ സുരക്ഷയുടെ ഗുരുതരമായ തകർച്ചയുടെ ഓർമ്മപ്പെടുത്തലാണ്. ജമ്മു-കശ്മീരിലെ രജൗരി-പൂഞ്ച് മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. നാലു വർഷത്തിന് ശേഷം ലഡാക്കിലെ ഏകദേശം 2,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു നുഴഞ്ഞുകയറ്റം ശക്തമായി. 2019 ഓഗസ്റ്റ് മുതൽ ജമ്മു-കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 160-ൽ അധികം സൈനികർ കൊല്ലപ്പെട്ടു. ഒടുവിൽ ജനുവരി 12-നും പൂഞ്ചിൽ ആക്രമണം ഉണ്ടായി. അതിർത്തി കടന്നുള്ള ഭീകരതയുടെ ഭീഷണി തുടരുകയാണ്.
നോട്ട് നിരോധനം കൊണ്ടും ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുകൊണ്ടും ഭീകരവാദ പ്രവർത്തനങ്ങൾ തടയാനാകുമെന്ന കേന്ദ്രസർക്കാർ വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണെന്ന് ജയ്റാം രമേശ് വിമർശിച്ചു. 2020-ൽ പ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയത് അതിർത്തിയിൽ ജീവൻ വെടിഞ്ഞ നമ്മുടെ സൈനികരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിർത്തിയിലെ നമ്മുടെ 2 000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇപ്പോൾ ചൈനയുടെ അധീനതയിലാണ്. ലേയിലെ പോലീസ് സൂപ്രണ്ടിന്‍റെ ഒരു രേഖയിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. 2020-ന് മുമ്പ് പട്രോളിംഗ് നടത്തിയിരുന്ന 65-ൽ 26 പട്രോളിംഗ് പോയിന്‍റുകളിലേക്ക് ഇപ്പോള്‍ നമുക്ക് പോകാനാവില്ല. കൂടാതെ ഡെപ്‌സാംഗ്, ഡെംചോക്ക് തുടങ്ങിയ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ ഇന്ത്യൻ സൈനികർക്ക് സ്വാധീനം കുറയുകയും ചെയ്തിട്ടുണ്ടെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.