ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസഖ്യം വിട്ട് ബിജെപി പാളയത്തിലേക്ക് ചേക്കേറിയ നിതീഷ് കുമാറിന്‍റെ നടപടി ഓന്തിനെ പോലും നാണിപ്പിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. നിതീഷ് കുമാർ മത്സരിക്കുന്നത് അടിക്കടി നിറംമാറുന്ന ഓന്തിനോടാണ്. ഈ കൊടിയ വഞ്ചന ബിഹാറിലെ ജനം പൊറുക്കില്ല. ഭാരത് ജോഡോ യാത്രയുടെ ജനപ്രീതിയില്‍ പ്രധാനമന്ത്രിയും ബിജെപിയും ഭയന്നിരിക്കുന്നു എന്ന് വ്യക്തമാണെന്നും യാത്രയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകമാണിതെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. എക്സിലൂടെയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറിയുടെ രൂക്ഷ വിമർശനം.
“രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റുന്ന നിതീഷ് കുമാർ നിറം മാറുന്നതിൽ ഓന്തുകള്‍ക്ക് കടുത്ത മത്സരമാണ് നൽകുന്നത്. ഈ വഞ്ചനയുടെ വിദഗ്ധരോടും അവരെ അവരുടെ താളത്തിൽ നൃത്തം ചെയ്തവരോടും ബിഹാറിലെ ജനങ്ങൾ പൊറുക്കില്ല. പ്രധാനമന്ത്രിയും ബിജെപിയും ഭാരത് ജോഡോ ന്യായ് യാത്രയെ ഭയക്കുന്നു. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ രാഷ്ട്രീയ നാടകം സൃഷ്ടിച്ചതെന്ന് വ്യക്തമാണ്.” – ജയ്റാം രമേശ് എക്സില്‍ കുറിച്ചു.