അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനം പാരിസ്ഥിതിക ദുരന്തത്തിന് വഴിവയ്ക്കും: ജയറാം രമേശ്‌

Jaihind News Bureau
Wednesday, June 10, 2020

 

അതിരപ്പിളളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ കേന്ദ്ര വനം,പരിസ്ഥിവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്‌. എതിര്‍പ്പുകളും വിദഗ്‌ധോപദേശവും അവഗണിച്ച്  പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനം പാരിസ്ഥിതിക ദുരന്തത്തിന് വഴിവയ്ക്കുന്നതാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  1983 ൽ സൈലന്‍റ് വാലി പദ്ധതി ഉപേക്ഷിച്ച്   പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ഇന്ദിരാ ഗാന്ധി കാണിച്ച  പ്രതിബദ്ധതയും ഉത്കണ്ഠയും ധൈര്യവും ഇന്ന് കാണുന്നില്ലെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം  വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാൻ കെഎസ്ഇ‌ബിയ്ക്ക് സർക്കാർ അനുമതി നല്‍കി. പരിസ്ഥിതിപ്രവര്‍ത്തകരുടേയും സിപിഐ അടക്കമുള്ള പാര്‍ട്ടികളുടേയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയിൽനിന്നും പിൻവാങ്ങുകയാണെന്ന് നേരത്തെ വൈദ്യുത മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക പാരിസ്ഥിതിക അനുമതികൾക്കായി സർക്കാർ എൻഒ‌സി അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഏഴുവർഷമാണ് എൻഒസിയുടെ കാലാവധി. അനുമതി ലഭിച്ചുകഴിഞ്ഞ് പദ്ധതി പൂർത്തിയാക്കാൻ ഏഴുവർഷം വേണ്ടിവരും എന്നതിനാലാണ് ഇത്. നേരത്തെ ലഭിച്ച അനുമതികൾ കാലഹരണപ്പെട്ടതോടെ ഇനി വീണ്ടും അനുമതികൾ തേടി മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോക്കാൻ സാധിയ്ക്കു. അതിനാൽ അനുമതികൾക്കായി പുതുക്കിയ അപേക്ഷ നൽകും. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം വച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിയ്ക്കുന്നത്.