സി-ഡിറ്റിലെ കള്ളക്കളികൾ – 3 : അഴിമതി കാട്ടാം ആവോളം, സർക്കാർ ഒപ്പമുണ്ട്

സിഡിറ്റിൽ പിൻ വതിൽ നിയമനത്തിന് നീക്കം സജീവമാക്കി നോട്ടിഫിക്കേ ഷൻ പുറത്തിറങ്ങിയതായി സൂചന. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് സി-ഡിറ്റുവഴി നിയമിതരായവരെ പി.ആർ.ഡിയിലേക്ക് മാറ്റി സ്ഥിരപ്പെടുത്തി കൊണ്ട് ഉത്തരവും ഇറങ്ങിക്കഴിഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ സി.ഡി റ്റിൽ പിന്‍വാതില്‍ നിയമനം തകൃതിയായി അരങ്ങേറുന്നുവെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. അവിടെ ജോലി ചെയ്യുന്ന സി.പി.എം ബന്ധമുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നിലവിൽ നോട്ടിഫിക്കേഷൻ പുറത്തിറക്കിയെന്നും വാദമുയരുന്നു. 2019 ജനുവരി ഏഴിന് പുറത്തിറങ്ങിയിട്ടുള്ള നോട്ടിഫിക്കേഷനെതിരെയാണ് ഇത്തരത്തിൽ ആരോപണമുയരുന്നത്. 10 തസ്തികകളിൽ നിയമനം നടത്താൻ പുറത്തിറങ്ങിയിട്ടുള്ള നോട്ടിഫിക്കേഷനിൽ പ്രായപരിധി, സംവരണം എന്നിവ സംബന്ധിച്ച് യാതൊരു വിവരങ്ങളും ഉൾപ്പെടുത്തിയിട്ടില്ല എന്നതും സംശയങ്ങൾ വർധിപ്പിക്കുന്നു.

https://youtu.be/7tkQbkA5KLo

നിലവിൽ ജോലിയിലുള്ള താൽക്കാലിക ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചാണ് നോട്ടിഫിക്കേഷൻ തയ്യാറാക്കിയിട്ടുള്ളതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇപ്പോഴുള്ള സ്ഥിര ജീവനക്കാരുടെ വേതനത്തിലും ഉയർന്ന വേതന വ്യവസ്ഥകളാണ് നോട്ടിഫിക്കേഷൻ പ്രകാരം 10 തസ്തികകൾക്ക് നൽകിയിട്ടുള്ളത്. സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയിട്ടുള്ളതെന്ന് അതിൽ നിന്നു തന്നെ വ്യക്തമാണ്. നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുള്ള തസ്തികകൾ സിഡിറ്റിൽ നിലവിൽ നിർമ്മിക്കപ്പെട്ടിട്ടില്ലെന്നതും വസ്തുതയാണ്. പുതിയ നിയമനങ്ങൾക്ക് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിനു പുറമേ നിലവിലെ നോട്ടിഫിക്കേഷൻ സി.ഡിറ്റിന്റെ വെബ്സൈറ്റിൽ മാത്രമാണ് നൽകിയിട്ടുള്ളത്.

മുഖ്യധാരാ പത്ര മാധ്യമങ്ങളിലൊന്നും ഇത് നൽകിയിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പ്രളയദുരിതം മൂലം സാമ്പത്തികമായി സർക്കാർ നട്ടം തിരിയുന്ന അവസ്ഥയിലാണ് വൻതുക ശമ്പളയിനത്തിൽ നൽകി സി.ഡി റ്റിൽ പിൻവാതിൽ നിയമന നീക്കം തകൃതിയായി നടക്കുന്നത്. 10 വർഷത്തിനു മുകളിൽ സർവ്വീസുള്ള 65 ഓളം പേർ അവിടെ വിവിധ തസ്തികകളിൽ ജോലി നോക്കുമ്പോഴാണ് സി.പി.എമ്മുമായി ഏറെ ബന്ധമുള്ള 10 പേരെ സ്ഥിരപ്പെടുത്താൻ വഴിവിട്ട നീക്കം നടത്തുന്നുവെന്ന ആരോപണവും ശക്തമാവുകയാണ്.

ഇതിനെല്ലാം പുറമേയാണ് മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ ജോലികളും നിർവ്വഹിക്കാൻ സി.ഡിറ്റ് വഴി നിയമിച്ചവരെ പി.ആർ.ഡിയിൽ പുതിയ ഡിവിഷൻ ആരംഭിച്ച് സ്ഥിരപ്പെടുത്തി ഉത്തരവിറങ്ങിയിട്ടുള്ളത്. എട്ട് പേരെയാണ് ഇത്തരത്തിൽ പിൻവാതിലിലൂടെ നിയമിച്ച് ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. 2018 ഡിസംബർ 29നാണ് പി.ആർ.ഡി ഡയറക്ടർ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ഈ എട്ട് പേരും ഇടത് മുന്നണി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മാത്രം നിയമനം ലഭിച്ചവരാണ്. ഇവരിൽ ഭൂരിഭാഗം പേരും ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാൻ പിടിച്ചവരാണെന്നും ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

READ ALSO

സി-ഡിറ്റിലെ കള്ളക്കളികൾ – 1 : അഴിമതി കാട്ടാം ആവോളം, സർക്കാർ ഒപ്പമുണ്ട്

സി-ഡിറ്റിലെ കള്ളക്കളികൾ – 2 : അഴിമതി കാട്ടാം ആവോളം, സർക്കാർ ഒപ്പമുണ്ട്

 

Comments (0)
Add Comment