Jaihind Impact : കൊടുമ്പ് നിവാസികളുടെ ദുരന്തത്തിന് അറുതിയായി; പാലത്തിന് 1.6കോടി രൂപ അനുവദിച്ചു

Jaihind Webdesk
Saturday, June 29, 2019

കൊടുമ്പ് പാലത്തിന് 1.6 കോടി അനുവദിച്ചു. മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ് ശോകനാശിനി പുഴയ്ക്കു കുറുകെ നിർമ്മിക്കുന്ന പാലത്തിന് 1.6 കോടി രൂപ അനുവദിച്ച് സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവായി. വർഷങ്ങളോളമായി പാലം ഇല്ലാത്തതിന്‍റെ ദുരവസ്ഥ ജയ്ഹിന്ദ് ടിവി സംപ്രേക്ഷണം ചെയ്തിരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കൊടുമ്പ് നിവാസികളുടെ ആവശ്യമാണ് തൂക്കുപാലം വേണമെന്നത്. ജനങ്ങൾക്ക് ഓരോ ആവശ്യങ്ങൾക്കായി മറ്റു സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ പുഴയിലൂടെ ചങ്ങാടം വലിച്ചു വേണം അക്കരെ എത്താൻ. ഈ ദുരവസ്ഥയാണ് കഴിഞ്ഞയാഴ്ച ജയ്ഹിന്ദ് ന്യൂസിൽ സംപ്രേക്ഷണം ചെയ്തത്. കൊടുമ്പിൽ നിന്നും മറ്റിടങ്ങളിലേക്ക് സുഗമമായി പോകുന്നതിനാണ് പുഴയ്ക്ക് കുറുകെ തൂക്കുപാലം നിർമിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് പാലം നിർമ്മാണം നടക്കേണ്ടത്. നിർമ്മാണ ചെലവ്വിന്‍റെ ആദ്യഗഡുവായാണ് തുക അനുവദിച്ചത്. എട്ടു കോടി രൂപയാണ് അടങ്കൽ തുക. കഴിഞ്ഞ ആഴ്ച പാലം ഇല്ലാത്തതിന്‍റെ ദുരിത അവസ്ഥയെക്കുറിച്ച് ജയ്ഹിന്ദ് ടിവി ആദ്യം വാർത്ത സംപ്രേഷണം ചെയ്തിരുന്നു.