സപ്തതി നിറവിൽ ജഗതി ശ്രീകുമാർ

B.S. Shiju
Tuesday, January 5, 2021

മലയാളസിനിമയിലെ ചിരിയുടെ അമ്പിളിച്ചന്തമായ ജഗതി ശ്രീകുമാർ സപ്തതി നിറവിൽ. സിനിമയിലെ പ്രധാന താരത്തിനേക്കാൾ അഭിനയം കൊണ്ടും കോമഡി കൊണ്ടും കൈയടി വാങ്ങുന്ന താരമായിരുന്നു എഴുപതിന്‍റെ നിറവിൽ നിൽക്കുന്ന ജഗതി ശ്രീകുമാർ. വാഹനാപകടത്തിൽ പെട്ട് വെള്ളിത്തിരയിൽ നിന്ന് നീണ്ട നാളുകളായി വിട്ടു നിൽക്കുമ്പോഴും ജഗതിയ്ക്ക് ഒരു പകരക്കാരൻ മലയാള സിനിമയിൽ ഇതുവരെ ഉദയം കൊണ്ടിട്ടില്ല.

മലയാള സിനിമയിലേക്ക് ഒരു നടന്‍റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് ജഗതി ശ്രീകുമാറിന്റേതാണ്. ഒരു വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങളായി ചികിത്സയിലാണ്. 1973 ൽ സിനിമയിലേക്ക് എത്തിയ ജഗതി ശ്രീകുമാർ മലയാളത്തിലെ പ്രമുഖ ഹാസ്യ നടനായിരുന്നു. ഹാസ്യ സാമ്രാട്ട് എന്ന് വിളിപ്പേരുള്ള അദ്ദേഹത്തിന് 2011 ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രമുഖ നാടകാചാര്യനായിരുന്ന ജഗതിയുടെ അച്ഛന്‍റെ നാടകങ്ങളിലൂടെയായിരുന്നു താരം കലാലോകത്തേക്ക് എത്തുന്നത്. സിനിമയിലേക്ക് എത്തിയ ജഗതി ശ്രീകുമാർ ഏകദേശം 1500 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. ജഗതിയ്ക്ക് ലഭിച്ച സിനിമകളെല്ലാം തന്നെ ഹാസ്യ കഥാപാത്രങ്ങൾ ആയിരുന്നതിനാൽ അദ്ദേഹം മികച്ച കോമഡി നടനായി പിൽക്കാലത്ത് അറിയപ്പെട്ടു. പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എൻകെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്‍റെയും മൂത്തമകനായി 1951 ജനുവരി 5 നായിരുന്നു തിരുവനന്തപുരത്തെ ജഗതിയിൽ ശ്രീകുമാർ ജനിക്കുന്നത്.

അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. 2012 മാർച്ച് മാസത്തിൽ ഉണ്ടായ വാഹനാപകടമാണ് ജഗതിയെ സിനിമയിൽ നിന്ന് അകറ്റിയത്. എന്നിരുന്നാലും ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും.

കിലുക്കം, മിന്നാരം, മൂക്കില്ലാ രാജ്യത്ത്, പ്രാദേശിക വാർത്തകൾ, മേലേപ്പറമ്പിലെ ആൺവീട്, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെ, അങ്ങനെ എണ്ണിയാൽ തീരാത്ത കഥാപാത്രങ്ങൾ പ്രേക്ഷകരെ ഇന്നും ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു. എത്ര കാലം സിനിമയിൽ നിന്നും മാറി നിന്നാലും അദ്ദേഹത്തെ മറക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആരാധകർ. ഫാമിലി ഓഡിയൻസിന്റെ ഇഷ്ട്ട കോമഡിത്താരം അമ്പിളി ചേട്ടനായിരുന്നു. സിനിമ കാണാൻ പോവുന്നവർ ജഗതി സിനിമയാണോ എന്ന് ചോദിച്ചിരുന്ന കാലമുണ്ടായിരുന്നു. കോമഡി നടന്മാരിൽ അക്കാലത്ത് മിന്നുന്ന പ്രകടനം നടത്തിയ ഏകതാരം ഒരുപക്ഷെ ജഗതി ശ്രീകുമാർ ആയിരുന്നു.