കര്‍ണാടകയില്‍ ബി.ജെ.പിയുടെ അടുത്ത നാടകം: യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കില്ല; ഷെട്ടാറിനെ മുന്നില്‍ നിര്‍ത്താന്‍ അമിത്ഷാ

Jaihind News Bureau
Thursday, July 25, 2019


ബംഗളൂരു: ബി.ജെ.പിയുടെ രാഷ്ട്രീയ കുതന്ത്രങ്ങളില്‍ നെറികേടിന്റെയും കാലുവെട്ടലിന്റെയും ഉദാഹരണങ്ങള്‍ നിരവധിയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് കര്‍ണാടകയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചില എം.എല്‍.എമാരെ പണംകൊടുത്തും ഭീഷണിപ്പെടുത്തിയും അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസ് – ജെ.ഡി.എസ് മുന്നണിയെ താഴെയിറക്കിയതിന് പിന്നാലെ ബി.ജെ.പിയുടെ ചാക്ക് രാഷ്ട്രീയം ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ്. എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനും വലവീശിപ്പിടിക്കാനും കോടികളുടെ ചാക്കുമായി കയറിയിറങ്ങിയ ബി.എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കുന്നതിന് അമിത് ഷായ്ക്ക് താല്‍പര്യമില്ല എന്നതാണ് ഇപ്പോഴത്തെ കര്‍നാടകം. പകരം മുന്‍മുഖ്യമന്ത്രിയും ഹുബ്ലി ധര്‍വാഡ് സെന്‍ട്രല്‍ എം.എല്‍.എയുമായ ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപികരിക്കുന്നതിനാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ഒരുങ്ങുന്നത്.
ജഗദീഷ് ഷെട്ടാര്‍ അമിത് ഷായുടെ വിശ്വസ്തന്‍ എന്ന നിലയില്‍ പേരുകേട്ട വ്യക്തിയാണ്. പ്രായം 75 കഴിഞ്ഞതാണ് യെദിയൂരപ്പയുടെ അയോഗ്യതയുടെ പട്ടികയില്‍ ആദ്യത്തേത്. ഖനി മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും യെദിയൂരപ്പയുടെ കുറവുകളായി ബി.ജെ.പിക്കാര്‍ തന്നെ ഉയര്‍ത്തിക്കാട്ടുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ യെദ്യൂരപ്പയെക്കാള്‍ പ്രാധാന്യം നല്‍കുന്നത് ഷെട്ടാറിനാണ്. ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തിയത് ഷെട്ടാറിന്റെ നേതൃത്വത്തില്‍ ബസവരാജ് ബൊമ്മൈ, അരവിന്ദ ലിമ്പവലി, ജെ.സി. മധുസ്വാമി എന്നിവരായിരുന്നു.
സ്വതന്ത്ര എം.എല്‍.എമാരുടെ മന്ത്രി സ്ഥാനം, അയോഗ്യത ഭീഷണി നേരിടുന്ന വിമതരുടെ കാര്യം തുടങ്ങിയ വിഷയങ്ങളാണ് ബി.ജെ.പി നേതൃത്വത്തെ കുഴക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കണക്കിലെടുത്ത് മാത്രമേ കര്‍ണാടകയില്‍ ബി.ജെ.പിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. അതിനാല്‍ തന്നെ യെദ്യൂരപ്പ വിരുദ്ധ പക്ഷത്തിന്റെ ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം. അവരുടെ പ്രധാന ആവശ്യം യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കരുത് എന്നതുതന്നെയാണ്. 2012 ല് ബി.ജെ.പിക്കെതിരെ യെദ്യൂരപ്പ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക ജനതാ പക്ഷ എന്ന പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയെ പ്രതിപക്ഷത്തുനിന്നുപോലും മാറ്റി നിര്‍ത്തിയിരുന്നു.  ഇതൊക്കെയും യെദ്യൂരപ്പ വിരുദ്ധര്‍ ആയുധമാക്കുന്നുണ്ട്.