ജേക്കബ് തോമസിന് മൂന്നാമതും സസ്‌പെന്‍ഷന്‍; ഇത്തവണ ഡ്രഡ്ജര്‍ അഴിമതിയുടെ പേരില്‍

തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ മൂന്നാമതും സസ്പെന്‍ഡ് ചെയ്തു. രണ്ടാമത്തെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന അന്നുതന്നെ മൂന്നാമത്തെ സസ്പന്‍ഷന്‍ ഉത്തരവിറക്കിയത് പിണറായി സര്‍ക്കാരിന് ജേക്കബ് തോമസിനോടുള്ള അതൃപ്തിയുടെ ആഴം വ്യക്തമാക്കുന്നു. ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന വിജലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍സന്‍. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കേ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സസ്‌പെന്‍ഷന്‍. അന്വേഷണത്തിന് കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.

ഒരു വര്‍ഷം മുന്‍പാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാരിന്റെ ഓഖി രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു അത്. ആറുമാസം കഴിഞ്ഞപ്പോള്‍ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്‌പെന്‍ഷന്‍. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഒരു വര്‍ഷത്തില്‍ക്കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി വേണം. രണ്ടാഴ്ച മുന്‍പ് സസ്‌പെന്‍ഷന്‍ ആറുമാസത്തേയ്ക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

vigilance directorsuspensionkerala policejacob thomasIPS
Comments (0)
Add Comment