സെമിനാറിനിടെ ജെ ദേവികയെ സിപിഐ നേതാവായ അധ്യാപകന്‍ ലനീഷ് അപമാനിച്ചെന്ന് പരാതി; പരാതി പുറംലോകമറിയാതെ ഒതുക്കാന്‍ ശ്രമമെന്ന് ആക്ഷേപം

കണ്ണൂര്‍ ഗവണ്‍മെന്‍റ് വനിതാ കോളേജില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയ തന്നെ സിപിഐ നേതാവ് കൂടിയായ അധ്യാപകന്‍ അപമാനിച്ചതായ എഴുത്തുകാരിയും അധ്യാപികയുമായ ജെ ദേവികയുടെ പരാതി. കോളേജിലെ ഫിസിക്‌സ് വിഭാഗം അധ്യാപകന്‍ ലനീഷിനെതിരെയാണ് ആരോപണം. ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തപ്പോഴാണ് പരസ്യമായും തന്നെയും സ്ത്രീ സമൂഹത്തേയും അപമാനിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നൽകിയ പരാതിയില്‍ പറയുന്നു.

സെമിനാറില്‍ സാഹിത്യത്തിലെ ആധുനികതയെപ്പറ്റി വിഷയം അവതരിപ്പിക്കാനാണ് ദേവികയെ കോളേജ് അധികൃതര്‍ ക്ഷണിച്ചത്. എഴുത്തിനെക്കുറിച്ച് സ്ത്രീ സമൂഹത്തിനുള്ള കാഴ്ചപ്പാടുകളുമെല്ലാം ഇവര്‍ വിഷയാവതരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിഷയാവതരണത്തിന് ശേഷം ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും നല്‍കിയിരുന്നു. ഈ സമയത്താണ് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ശേഷം ഏറ്റവും പിന്നിലിരുന്ന ലനീഷ് കയ്യുയര്‍ത്തി അവസരം ചോദിച്ചത്. എന്നാല്‍ ചര്‍ച്ച ചെയ്ത വിഷയത്തെക്കുറിച്ച് ചോദിക്കാതെ ഫെമിനിസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലനീഷ്.

തുടർന്ന് തന്നെയും അവിടെയുണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അപമാനിക്കുന്ന രീതിയിലാണ് പെരുമാറിയതെന്നും ദേവിക നൽകിയ പരാതിയിൽ പറയുന്നു. ഫെമിനിസ്റ്റുകള്‍ രണ്ട് വിധത്തിലുണ്ട്. പുരുഷന്മാരെ മുഴുവന്‍ വെറുക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരും പിതൃമേധാവിത്വ വ്യവസ്ഥയെ എതിര്‍ക്കുകയും ചെയ്യുന്നവരുമാണ്. മാഡം ഇതിന് രണ്ടിന് ഇടയിലുള്ളയാളാണെന്നും ലനീഷ് പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്. സംഭവത്തിൽ ലനീഷിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കാനം ഉറപ്പ് നൽകി. എന്നാൽ വിഷയം പുറം ലോകമറിയാതെ കാനത്തിന്‍റെ ഇടപെടലിലൂടെ ഒതുക്കി തീർക്കാനാണ് ശ്രമമെന്ന ആക്ഷേപവും ഇതിനോടകം ഉയർന്ന് കഴിഞ്ഞു.

ലിംഗസമത്വത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തുന്ന രാഷ്ട്രീയ സംഘടനയാണ് സിപിഐയെന്ന് വാദിക്കുമ്പോഴാണ് പാർട്ടി നേതാക്കളുടെ ഭാഗത്ത് നിന്ന് തന്നെ നിരന്തരം ഇത്തരം സംഭവങ്ങളുണ്ടാകുന്നത്.

J Devika
Comments (0)
Add Comment