സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ; യൂത്ത് കോൺഗ്രസ്, കെ.എസ്.യു മാർച്ചുകള്‍ക്ക് നേരെ ലാത്തിച്ചാർജ്ജ് ; ടി.സിദ്ദിഖ് അടക്കമുള്ളവര്‍ക്ക് പരിക്ക്

Jaihind News Bureau
Monday, February 15, 2021

തിരുവനന്തപുരം : പിന്‍വാതില്‍ നിയമനങ്ങളില്‍ സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകപ്രതിഷേധം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിവീശി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവർക്കുനേരെ  ജലപീരങ്കിയും പ്രയോഗിച്ചു. കെപിസിസി വൈസ് പ്രസിഡന്‍റ് ടി.സിദ്ദിഖ് അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു. പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രവർത്തകർ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്.

പാലക്കാട് കെഎസ്​യു പ്രവർത്തകർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തുന്നു. സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി ഓഫീസ് ഉപരോധിച്ചു.  ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.