കൊവിഡ് കാലത്തും പാവപ്പെട്ടവന്‍റെ ചോറ്റുപാത്രത്തില്‍ കൈയിട്ട് വാരുന്ന സർക്കാർ ; ഭക്ഷ്യധാന്യ കിറ്റിന്‍റെ മറവിലും കോടികളുടെ അഴിമതി : എന്‍.എസ് നുസൂർ

Jaihind News Bureau
Thursday, June 4, 2020

 

കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ വലയുന്ന പൊതുജനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്‍റെ മറവിലും സർക്കാര്‍ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ് നുസൂർ. 1000 രൂപയ്ക്ക് 17 ഇനം ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുന്നു എന്ന് സർക്കാർ പറയുന്ന കിറ്റിലുള്ളത് 750 രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണെന്നതാണ് വസ്തുത.

സർക്കാര്‍ കണക്ക് പ്രകാരം 974.03 രൂപയാണ് ഒരു കിറ്റിന്‍റെ വില. എന്നാല്‍ 750 രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് കിറ്റിലുള്ളത്. ഇതില്‍ നിന്ന് മാത്രം 189 കോടിയിലേറെ രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് എന്‍.എസ് നുസൂർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പ്രതിസന്ധിക്കിടെയും പാവപ്പെട്ടവന്‍റെ അന്നത്തിൽ നിന്നും കോടികൾ മുക്കിയ നിങ്ങളെ എന്തുവിളിക്കണം സഖാവെ എന്ന ചോദ്യത്തോടെയാണ് നുസൂർ എഫ്.ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

എന്‍.എസ് നുസൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

“പാവപ്പെട്ടവന്‍റെ ചോറ്റുപാത്രത്തിലും കയ്യിട്ടുവാരിയല്ലോ വിജയാ….
84, 48000 പേർക്ക് അങ്ങ് ഭക്ഷ്യധാന്യകിറ്റ് നൽകിയത് നല്ലകാര്യമാണ്. വിജയകരമായി അത് പൂർത്തിയാക്കിയെങ്കിൽ അതും നല്ലത്. അതിനോടൊപ്പം നടന്ന ഈ അഴിമതിക്ക് ആര് സമാധാനം പറയും. അങ്ങ് കൊടുത്ത കിറ്റിലുള്ള സാധനങ്ങൾ 17 തരമാണ്. ഇതിനെല്ലാം കൂടി അങ്ങയുടെ കണക്കനുസരിച്ച് കിറ്റ് ഒന്നിന് 974.03 രൂപ. ഏതൊരു സാധാരണ പൗരനും അറിയാം അത് 750 രൂപയിലധികം ഹോൾസൈൽ റേറ്റ് വരില്ല. ഇനി തർക്കത്തിനാണെങ്കിൽ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുമാണ്. അങ്ങനെയെങ്കിൽ ഈ കണക്കൊന്നു നോക്കു..

974.03-750 = 224.03രൂപ
224.03×8448000 =1892605440രൂപ

കിറ്റ് ഒന്നിന് ഇരുന്നൂറ്റി ഇരുപത്തിനാല് രൂപ മൂന്നു പൈസ വച്ച് മാറ്റി എൺപത്തിനാല് ലക്ഷത്തിനാല്പത്തിയെണ്ണായിരം ആളുകൾക്ക് സാധനം നൽകിയാൽ നൂറ്റിഎൺപത്തിയൊൻപതു കോടി ഇരുപത്തിയാറ് ലക്ഷത്തി അയ്യായിരത്തിനാന്നൂറ്റിനാല്പത് രൂപ ഒറ്റയടിക്ക് മാറ്റം എന്ന കണക്കും സാധാരണ ജനത മനസിലാക്കണം

ഇനി താങ്കളുടെ കണക്കനുസരിച്ചു 272694560 രൂപ കാണാനുമുണ്ട്. അത് ഒരു പക്ഷെ നോക്ക് കൂലിയും പാക്കിങ്ങും എന്നൊക്കെ പറയുമായിരിക്കും..

പ്രതിസന്ധിയിലും പാവപ്പെട്ടവന്‍റെ അന്നത്തിൽ നിന്നും കോടികൾ മുക്കിയ നിങ്ങളെ എന്തുവിളിക്കണം സഖാവെ…”