വനിതാമതില്‍ സി.പി.എം പാര്‍ട്ടി പരിപാടി; സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നത് അധികാര ദുര്‍വിനിയോഗം: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, December 9, 2018

ജനുവരി ഒന്നിന് സി.പി.എം നടത്താന്‍ പോകുന്ന വനിതാ മതിൽ രാഷ്ട്രീയ പരിപാടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാർട്ടി പരിപാടിക്ക് വേണ്ടി സർക്കാർ ഖജനാവ് ധൂർത്തടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വനിതാമതിലിനായി ചെലവഴിക്കുന്ന പണത്തിന്‍റെ ഉറവിടെ സര്‍ക്കാര്‍ വെളിപ്പെടുത്തണം. സാലറി ചലഞ്ച് പോലെ വനിതാ മതിലിൽ പങ്കെടുക്കാനും സര്‍ക്കാര്‍, ജീവനക്കാരെ നിർബന്ധിക്കുകയാണ്. വനിതാമതിലില്‍ പങ്കെടുക്കാനായി വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം കൊട്ടിഘോഷിച്ച് നടത്താന്‍ പോകുന്ന വനിതാ മതിൽ വർഗീയ മതിലാണ്. ഇത് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. മതിൽ തീർക്കേണ്ടത് പാർട്ടി ഫണ്ടിലാണെന്നും ഇപ്പോള്‍ ചെയ്യുന്നത് അധികാരദുർവിനിയോഗമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇത് ചരിത്രത്തോടുള്ള അനീതിയും അവഹേളനവുമാണ്. അധികാരം ഉണ്ടെണ് കരുതി എന്തും ചെയ്യാം എന്ന് കരുതരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

പ്രളയാനന്തര കേരളത്തിനായി സര്‍ക്കാര്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. പ്രളയത്തിലുണ്ടായ നാശം വസ്തുനിഷ്ഠമായി വിലിയിരുത്താൻ പോലും സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. റവന്യൂ വകുപ്പ് ഒരു വിവരവും ഇതുവരെ ശേഖരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ പരാതികള്‍ നേരിട്ട് മനസിലാക്കാന്‍ വേണ്ടി പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഡിസംബര്‍ 19, 20, 22, 28, ജനുവരി 2, 4 തീയതികളില്‍ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥലങ്ങളില്‍നിന്നും സര്‍ക്കാരിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

കണ്ണുർ വിമാനത്താവളം വൈകിയതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം പിണറായി സർക്കാരിന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍,ഡി.എഫ് സർക്കാരിന്‍റെകാര്യക്ഷമതയില്ലായ്മയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം രണ്ട് വര്‍ഷം വൈകാന്‍ കാരണം. കണ്ണുർ വിമാനത്താവളത്തിനായി പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്നും വെറുതെ മേനി നടിക്കല്‍ മാത്രമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒരു വൻകിട പദ്ധതിയും ആരംഭിക്കാൻ ഈ സർക്കാരിന് കഴിഞ്ഞില്ലെന്നും വാചകമടി മാത്രമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.