ഇന്ധനവില കൂടുമ്പോൾ നികുതിയിളവ് നല്‍കാത്ത പിണറായി സർക്കാർ നടപടി ക്രൂരം : സതീശൻ പാച്ചേനി

Jaihind Webdesk
Thursday, July 1, 2021

ഇന്ധനവില വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രാവശ്യം പോലും നികുതിയിളവ് നൽകാൻ തയ്യാറാകാത്ത പിണറായി സർക്കാർ നടപടി ക്രൂരമാണെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു. ജീവിത ചിലവ് ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ നിത്യജീവിതത്തിൽ പ്രയാസപ്പെട്ടുഴലുന്ന സാധാരണക്കാരനെ സഹായിക്കാനുള്ള ഉത്തരവാദിത്വവും ബാധ്യതയും സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതായിരുന്നു.

കൊവിഡ് മഹാമാരി മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്കാൻ ഉത്തരവാദിത്വപ്പെട്ട സർക്കാർ കൊള്ളലാഭമുണ്ടാക്കി ഖജനാവ് വീര്‍പ്പിക്കൽ മാത്രം ലക്ഷ്യം വയ്ക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഇന്ധനവില നൂറു രൂപ കടന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നികുതിയിനത്തില്‍ 32.90 രൂപയും സംസ്ഥാന സര്‍ക്കാര്‍ 22.71 രൂപയും ജനങ്ങളില്‍ നിന്ന് നികുതിയിനത്തിൽ പിടിച്ചുവാങ്ങുകയാണ്.

ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ 619.17 കോടി രൂപയുടെ നികുതി ഇളവ് നല്കിയത് പോലെ പിണറായി സര്‍ക്കാറും നികുതിയിളവ് നല്കണമെന്നും സമീപ മാസത്തിനിടയിൽ നിരവധി പ്രാവശ്യം വില വർദ്ധിപ്പിച്ചപ്പോൾ അധിക നികുതിയായി ലഭിക്കുന്ന തുകയെങ്കിലും കുറക്കാനുള്ള സാമാന്യ മര്യാദ ജനങ്ങളോട് ചെറിയ സ്നേഹമെങ്കിലും ഉണ്ടെങ്കിൽ ഭരണ നേതൃത്വം കാണിക്കണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.