ആള്‍ക്കൂട്ടത്തെ തനിച്ചാക്കി… മലയാളികളുടെ കുഞ്ഞൂഞ്ഞിന്‍റെ വേർപാടിന് ഒരാണ്ട്

 

കേരള രാഷ്ട്രീയത്തിലെ പേരുകൊണ്ട് പ്രസ്ഥാനത്തെ പരിചയപ്പെടുത്താവുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയെന്ന നേതാവ് കേരള രാഷ്ട്രീയത്തില്‍ നിന്ന് മാഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. ചെറിയ മനുഷ്യരുടെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്ന ഉമ്മന്‍ചാണ്ടി, കേരളത്തിലെ വലിയ പദ്ധതികള്‍ക്ക് നേതൃത്വം കൊടുത്ത നെടുനായകനാണ്. കൊച്ചി മെട്രോ ട്രാക്കിലിറക്കി, കണ്ണൂരില്‍ വിമാനമിറക്കി, വിഴിഞ്ഞം തുറമുഖത്ത് കപ്പല്‍ അടുപ്പിച്ച് അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിച്ചു.

ഉമ്മന്‍ചാണ്ടിയെന്ന നേതാവ് പ്രശ്‌നങ്ങളുടെ വക്താവായിരുന്നില്ല, പരിഹാരത്തിന്‍റെ മൂര്‍ത്തിമദ്ഭാവമായിരുന്നു. എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നു മാത്രമാണ് ഉമ്മന്‍ചാണ്ടി ചിന്തിച്ചിരുന്നത്. ഒരു വ്യക്തിയുടെ മുഖത്തുനോക്കി ആ വ്യക്തിയുടെ അപേക്ഷയുടെ ശരിയെന്താണെന്ന് മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ കാണാന്‍ വന്നിരുന്ന നിര്‍ധനരും നിരാശ്രയരുമായ പതിനായിരങ്ങളോട് കണ്ണോട് കണ്ണ് വര്‍ത്തമാനം പറയുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

മുഖത്തെ ചുളിവുകള്‍ കൊണ്ടും ദൈന്യത കൊണ്ടും കണ്ണില്‍ നിറയുന്ന വേദനകൊണ്ടും കഥപറയുന്ന മനുഷ്യന്‍റെ കൈയ്യിലിരിക്കുന്ന ചുക്കിച്ചുളിഞ്ഞ കടലാസ് നിവര്‍ത്തിവെച്ച് അതില്‍ ഒപ്പിടുന്ന ഉമ്മന്‍ചാണ്ടി, പ്രശ്‌നം അവിടെ തീര്‍ക്കുന്ന ഒരാളായിരുന്നു. ഉമ്മന്‍ചാണ്ടിയോട് പറഞ്ഞ ഒരു രഹസ്യവും അദ്ദേഹം പുറത്ത് പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല തന്‍റെ മനസ്സിന്‍റെ ചെപ്പില്‍ നിന്ന് പുറത്ത് എടുത്ത് വെച്ചിട്ടുപോലുമില്ല. അതുകൊണ്ട് രാഷ്ട്രീയ ശത്രുക്കളുടേതടക്കം വ്യക്തിപരമായ എല്ലാ രഹസ്യങ്ങളുടെയും നിധി ശേഖരമാണ് ഉമ്മന്‍ചാണ്ടിയുടെ മനസ്സ്. പക്ഷേ അതില്‍ നിന്ന് തുളുമ്പി വീണ ഒരു രഹസ്യവും ആരെയും വേദനിപ്പിച്ചിട്ടില്ല, വേദനിപ്പിക്കുകയും ഇല്ല.

പ്രയ്തനഭരിതമായ ഒരു മനുഷ്യായുസ് പൂര്‍ണ്ണമാകുമ്പോള്‍ അത് വരുംകാലത്തേക്ക് മുതല്‍ക്കൂട്ടുന്നതെങ്ങനെയെന്ന ഒരു മാനദണ്ഡങ്ങളുമില്ല. എന്നാല്‍ ഇനിയുള്ള ചരിത്രത്തില്‍ ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യന്‍ ആരായിരിക്കുമെന്ന് നിശ്ചയിക്കുന്നത് ചെയ്ത കര്‍മ്മങ്ങളുടെ മഹത്വങ്ങള്‍ക്കും ഉപകാരങ്ങള്‍ക്കും അപ്പുറം ഒരു വ്യക്തി, ജനതയ്ക്കുമേല്‍ ഉണ്ടാക്കുന്ന സ്വാധീനമാണ്. ആ അര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി ഒരു ജനനേതാവാണ്.

Comments (0)
Add Comment