ഏഷ്യാനെറ്റ് ന്യൂസ് സർവേയെ വിമർശിച്ചുള്ള മാധ്യമപ്രവർത്തകന്‍റെ കുറിപ്പ് വൈറലാകുന്നു; റേറ്റിങ് യുദ്ധത്തിൽ 24 ന്യൂസ് ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാനുള്ള ദയനീയ ശ്രമത്തിന്‍റെ ഭാഗമാണ് സർവേ എന്ന് മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ

Jaihind News Bureau
Sunday, July 5, 2020

കൊവിഡ് കാലത്തെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ തെരഞ്ഞെടുപ്പ് സർവ്വേയെ വിമർശിച്ച് മാധ്യമ പ്രവർത്തകൻ ശ്രീജിത് ദിവാകരന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ഏഷ്യാനെറ്റിന്‍റേത് റേറ്റിംഗിൽ ഒന്നാമതെത്തുന്നതിനായുള്ള ദയനീയ ശ്രമമാണെന്ന് അദ്ദേഹം പറയുന്നു. എങ്ങനെ ഇടതുപക്ഷത്തെ കാഴ്ചക്കാരെ ആകര്‍ഷിച്ച്, ലേശം സുഖിപ്പിച്ച് തങ്ങളുടെ അതിഹൈന്ദവ/ഹിന്ദുത്വ പക്ഷപാതം നിലനിര്‍ത്താം എന്നാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ കുട്ടിച്ചേർത്തു. ജേര്‍ണലിസം മാത്രമാണ് തോല്‍ക്കുന്നതെന്നും വ്യവസായം ഉഗ്രനായിട്ട് പോകുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

ജേര്‍ണലിസം എന്ന ഏര്‍പ്പാട് അത് ചെയ്യുന്ന ആളുകളെ സംബന്ധിച്ചെങ്കിലും വ്യവസായമല്ല എന്ന തോന്നലുണ്ടെങ്കിലേ അത് നിലനില്‍ക്കൂ. വാര്‍ത്ത എന്നത് പരസ്യത്തിനിടയില്‍ സമയവും സ്ഥലവും ഫില്‍ ചെയ്യാനുള്ള കമ്മോഡിറ്റി മാത്രമാണ് എന്നാണ് നിങ്ങളുടെ മുതലാളി ധരിക്കുന്നതെങ്കിലും നിങ്ങള്‍ക്ക് അതിനോട് വിയോജിപ്പും വാര്‍ത്ത എന്നത് ജനമറിയേണ്ട വസ്തുതകളാണ്, അത് മാത്രമാണ് എന്ന വിചാരവും വേണം. അല്ലേല്‍ ജേര്‍ണലിസം ഇല്ലെന്നും രൂക്ഷമായ ഭാഷയില്‍ തന്നെ അദ്ദേഹം വിമർശിക്കുന്നു.

കേരളത്തില്‍ ഏതാണ്ട് അപ്രഖ്യാപിത നിലയുണ്ടായിരുന്ന ഏഷ്യാനെറ്റ് ഇന്ന് എതിരാളികളില്ലാത്ത ഒന്നാം സ്ഥാനക്കാരല്ല. മുത്തശ്ശി പത്രങ്ങളുടെ ലെഗസിയുമായി ചാനല്‍ യുദ്ധത്തിനിറങ്ങിയ മനോരമയും മാതൃഭൂമിയുമല്ല, 24 എന്ന മറ്റൊരു ചാനലാണ് രണ്ടാം സ്ഥാനത്തിനുള്ള യുദ്ധം അവസാനിപ്പിച്ച് ഒന്നാം സ്ഥാനത്തേയ്ക്ക് മത്സരിക്കാനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം തന്‍റെ കുറിപ്പില്‍ പറയുന്നു.

ഇടത്പക്ഷം എന്നത് വാര്‍ത്ത സെല്ലിങ് പോയിന്‍റുകളില്‍ ഒരു കാറ്റഗറിയായി മാറി എന്നതാണ് പുതിയ ഫാക്റ്റ് എന്നും ഈ ഗ്രേറ്റ് ഡിപ്രഷന്‍ കാലത്തും റേറ്റിങ് നിലനിർത്താനുള്ള ഈ അശ്ലീല യുദ്ധം ഏഷ്യാനെറ്റിന്‍റെ പുതിയ സര്‍വ്വേയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ശ്രീജിത്ത് ദിവാകരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം :

ഒന്നാം പേജില്‍ പരസ്യം നല്‍കില്ല എന്ന എഡിറ്റോറിയില്‍ പോളിസി ലംഘിച്ച് സോപ്പിന്‍റേയോ മറ്റോ പരസ്യം ഫ്രീ പ്രസ് ജേര്‍ണല്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് സ്ഥാപനത്തില്‍ രാജി വച്ചിറങ്ങിപ്പോയ ജേര്‍ണലിസ്റ്റുകളില്‍ ഒരാള്‍ മലയാളിയായിരുന്നു. നമുക്കറിയുന്ന ആദ്യത്തെ മലയാളി പ്രൊഫഷണല്‍ വനിത ജേര്‍ണലിസ്റ്റ്; അമ്മിണി ശിവറാം.

ജേര്‍ണലിസം എന്ന ഏര്‍പ്പാട് അത് ചെയ്യുന്ന ആളുകളെ സംബന്ധിച്ചെങ്കിലും വ്യവസായമല്ല എന്ന തോന്നലുണ്ടെങ്കിലേ അത് നിലനില്‍ക്കൂ. അത് നാല്‍പ്പതുകളിലും അമ്പതുകളിലും പ്രിന്റ് ജേര്‍ണലിസം മാത്രമുള്ള കാലത്ത് മാത്രമല്ല. ഇപ്പോഴും. നിങ്ങള്‍ മര്‍ഡോക്കിന്‍റെ തൊഴിലാളിയാണെങ്കിലും, വാര്‍ത്ത എന്നത് പരസ്യത്തിനിടയില്‍ സമയവും സ്ഥലവും ഫില്‍ ചെയ്യാനുള്ള കമ്മോഡിറ്റി മാത്രമാണ് എന്നാണ് നിങ്ങളുടെ മുതലാളി ധരിക്കുന്നതെങ്കിലും നിങ്ങള്‍ക്ക് അതിനോട് വിയോജിപ്പും വാര്‍ത്ത എന്നത് ജനമറിയേണ്ട വസ്തുതകളാണ്, അത് മാത്രമാണ് എന്ന വിചാരവും വേണം. അല്ലേല്‍ ജേര്‍ണലിസം ഇല്ല.

വാര്‍ത്താ വ്യവസായം ഈ ഗ്രേറ്റ് ഡിപ്രഷന്‍ കാലത്തും എത്ര ഗംഭീരമാണെന്ന് മനസിലാക്കുന്നത് മലയാള റ്റെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് യുദ്ധം കാണുമ്പോഴാണ്. സെന്‍സിബ്ള്‍ ആണെന്ന് കരുതുന്ന സുഹൃത്തുക്കള്‍ പോലും ഈ അശ്ലീല യുദ്ധം തങ്ങളുടെ ജേര്‍ണലിസത്തിന്‍റെ പ്രതിഫലനങ്ങളില്‍ ചിലതാണെന്ന മട്ടില്‍ സ്വന്തം സ്ഥാപനങ്ങളെ പ്രചരിപ്പിക്കുന്നുമുണ്ട്. സങ്കടമാണ് അത് കാണുന്നത്.

കേരളത്തില്‍ പ്രിന്റ് ജേര്‍ണലിസത്തില്‍ മലയാള മനോരമ പോലെ ഏതാണ്ട് അപ്രഖ്യാപിത നിലയുണ്ടായിരുന്നു ഏഷ്യാനെറ്റിന്. രണ്ടും മൂന്നുമെല്ലാം അകലെയായിരുന്നു. പ്രിന്റില്‍ മത്സരം മൂന്നാം സ്ഥാനത്തിന് വേണ്ടി മാത്രമായിരുന്നെങ്കില്‍ ചാനലുകളില്‍ രണ്ടിന് വേണ്ടിയായിരുന്നു പോരാട്ടം. ഈ നിലയിന്ന് മാറി. ഏഷ്യാനെറ്റ് എതിരാളികളില്ലാത്ത ഒന്നാം സ്ഥാനക്കാരല്ല ഇപ്പോള്‍. മുത്തശ്ശി പത്രങ്ങളുടെ ലെഗസിയുമായി ചാനല്‍ യുദ്ധത്തിനിറങ്ങിയ മനോരമയും മാതൃഭൂമിയുമല്ല, 24 എന്ന മറ്റൊരു ചാനലാണ് രണ്ടാം സ്ഥാനത്തിനുള്ള യുദ്ധം അവസാനിപ്പിച്ച് ഒന്നാം സ്ഥാനത്തേയ്ക്ക് മത്സരിക്കാനിറങ്ങിയത്.

എന്തായാലും കേരളത്തിലാദ്യമായി ഇടത്പക്ഷം എന്നത് വാര്‍ത്ത സെല്ലിങ് പോയിന്റുകളില്‍ ഒരു കാറ്റഗറിയായി മാറി എന്നതാണ് 24 സൃഷ്ടിച്ച പുതിയ ഫാക്റ്റ്. ഇന്നേ വരെ ഇടത്പക്ഷം വാര്‍ത്ത ബീറ്റ് മാത്രമായിരുന്നു. ഇടത്പക്ഷത്തിനെ വാര്‍ത്തകളില്‍ സുഖിപ്പിക്കേണ്ട കാര്യമില്ല. അവരെ സംബന്ധിക്കുന്ന വാര്‍ത്തയായാലും അവര്‍ പിന്തുടരും. അവര്‍ക്കെതിരെയാണെങ്കില്‍ മറ്റുള്ളവരും പിന്തുടരും. വാര്‍ത്തകളില്‍ ഇടത്പക്ഷം വേണം. അനുകൂലമായി വേണ്ട എന്നതായിരുന്നു സ്ഥിതി. അതായിരുന്നു മാര്‍ക്കറ്റിങ് തന്ത്രം. ഏഷ്യാനെറ്റിന്‍റെ പുതിയ സര്‍വ്വേ അതിന് വിരുദ്ധമാണ്.  24 സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാനുള്ള ദയനീയ ശ്രമമാണ്. എങ്ങനെ ഇടത്പക്ഷത്തെ കാഴ്ചക്കാരെ ഒന്ന് ആകര്‍ഷിച്ച്/ ലേശം സുഖിപ്പിച്ച് തങ്ങളുടെ അതിഹൈന്ദവ/ഹിന്ദുത്വ പക്ഷപാതം നിലനിര്‍ത്താം എന്നുള്ളതാണ് അത്. ഒരു പരിധി വരെ വിജയിക്കുന്നതുമാണ് ഈ ശ്രമം.

ജേര്‍ണലിസം മാത്രമാണ് തോല്‍ക്കുന്നത്. വ്യവസായം ഉഗ്രനായിട്ട് പോകുന്നുണ്ട്.

പക്ഷേ കോവിഡ് കാലത്ത് തൊഴിലില്ലാതായി പോയ, ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ട ജേര്‍ണിലിസ്റ്റുകളുടെ പട്ടിക പെരുക്കപ്പട്ടികയാണ്. അത് നമ്മുടെ ചര്‍ച്ചകളെ നോക്കി നില്‍ക്കുന്നുണ്ട്.