‘ഒരേ പോരാളി ഷാജി ഒരുപാട് പേർക്ക് വേണ്ടി പോസ്റ്റിടുമ്പോള്‍ പറ്റിയ അബദ്ധം’ : ‘റാപ്പിഡ് ടെസ്റ്റില്‍’ സി.പി.എമ്മിനെ പരിഹസിച്ച് വി.ടി ബല്‍റാം

Jaihind News Bureau
Saturday, April 4, 2020

 

ശശി തരൂർ എം.പിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയ്ക്ക് കൊവിഡ് റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ എത്തിച്ചതിന് പിന്നാലെ അത് തങ്ങളുടെ അക്കൌണ്ടില്‍ ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ സി.പി.എം നേതാക്കളെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. റാപ്പിഡ് കിറ്റുകള്‍ എത്തി എന്ന് മന്ത്രി എം.എം മണിയും വി.കെ പ്രശാന്ത് എം.എല്‍.എയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനം പ്രഖ്യാപിച്ച കിറ്റുകള്‍ ഇതുവരെ എത്തിയിട്ടില്ല എന്ന വസ്തുത നിലനില്‍ക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സി.പി.എം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയത്.

കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നിരിക്കെയും സ്വന്തം നിലയില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിക്കാന്‍ ഇതുവരെയും സർക്കാരിനായിട്ടില്ല.   പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ കാര്യക്ഷമമായി ഇടപെടാൻ കഴിയും എന്നത് ശശി തരൂരിൽ നിന്ന് കണ്ട് പഠിക്കണമെന്നും വി.ടി ബല്‍റാം ചൂണ്ടിക്കാട്ടി.

വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

യഥാർത്ഥത്തിൽ ഒരേ പോരാളി ഷാജി ഒരുപാട് പേർക്ക് വേണ്ടി ഒരുമിച്ച് പോസ്റ്റ് ഇടുമ്പോളുണ്ടായ അബദ്ധമാണ്.

അതല്ലാതെ, ഇതിവരുടെ സ്ഥിരം പരിപാടിയാണ്, മറ്റുള്ളവർ ചെയ്യുന്നതിന്‍റെ ക്രെഡിറ്റ് അടിച്ചു മാറ്റുന്നതാണിവരുടെ മെയ്ൻ എന്നൊക്കെപ്പറഞ്ഞ് ട്രോൾ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.

ഏതായാലും തൻ്റെ എം പി ഫണ്ടിൽ നിന്ന് 57ലക്ഷം രൂപ അനുവദിച്ച് റാപ്പിഡ് ടെസ്റ്റിനായുള്ള 3000 കിറ്റുകൾ കേരളത്തിലെത്തിക്കുന്ന തിരുവനന്തപുരം എംപി ഡോ.ശശി തരൂരിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. ഏറ്റവും സമയോചിതമായ ഇടപെടലാണ് അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടായത് എന്നതിൽ തിരുവനന്തപുരത്തുകാർക്ക് മാത്രമല്ല മുഴുവൻ മലയാളികൾക്കും അഭിമാനിക്കാം.

പ്രസക്തമായ ചോദ്യം മറ്റൊന്നാണ്. എംപിമാർ ഫണ്ടനുവദിച്ച് ഉദ്യോഗസ്ഥ തലത്തിൽ അതിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു പദ്ധതി നടപ്പാക്കിയെടുക്കണമെങ്കിൽ സാമാന്യം നല്ല കാലതാമസം ഉണ്ടാകാറുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ നേരിട്ട് നടപ്പാക്കുന്നവക്ക് കാലതാമസം പൊതുവേ കുറവാണ്. പ്രത്യേകിച്ചും ഇതുപോലുള്ള അടിയന്തരഘട്ടങ്ങളിൽ. എന്നിട്ടും എംപിയുടെ കിറ്റുകൾ ഇവിടെ എത്തിക്കഴിഞ്ഞു. എന്നാൽ നാലഞ്ച് ദിവസം മുൻപ് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ ഇതേ കാര്യം പറഞ്ഞിട്ടും അതിൽപ്പെട്ട കിറ്റുകൾ ഇതുവരെ എത്തിയതായി കാണുന്നില്ല. സർക്കാരിന്‍റെ കാര്യക്ഷമതയുടെ യഥാർത്ഥ ചിത്രമാണോ ഇത് സൂചിപ്പിക്കുന്നത്?