സംസ്ഥാനത്ത് മഴ കനക്കും; മൂന്ന് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിര്‍ദ്ദേശം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. മൂന്ന് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, തൃശൂർ, പാലക്കാട് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചു.

ശക്തമായ കാറ്റിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. താമരശേരി അമ്പായത്തോട്, പുതുപ്പാടി കൈതപൊയിൽ, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് മരംവീണ് വൻ നാശനഷ്ടം. അമ്പായത്തോട് മിച്ചഭൂമിയിൽ പത്ത് വീടുകൾ ഭാഗികമായി തകർന്നു. പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. കൈതപ്പൊയിലിലും ആവിലോറയിലും കെട്ടിടത്തിന്‍റെ ഷീറ്റ് പറന്നുപോയി. എളേറ്റിൽ വട്ടോളിയിൽ മരംവീണ് വീടിന്‍റെ മേൽക്കൂര തകർന്നു. കൊടുവള്ളി ആവിലോറയിൽ അഞ്ചോളം മരങ്ങൾ കടപുഴകി വീണു. ഇന്ന് പുലർച്ചെയാണ് ജില്ലയിൽ വിവിധയിടങ്ങളിൽ അതിശക്തമായ കാറ്റടിച്ചത്. അതേസമയം, കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസറഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

Comments (0)
Add Comment