രണ്ട് ദിവസം കൂടെ മഴ കനക്കും; മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തമിഴ്നാട്ടിലും ശക്തമായ മഴ

 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടെ മഴ കനക്കുമെന്ന്  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

അതേസമയം തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ. കനത്ത മഴയിൽ ചെന്നൈയിലും പരിസര ജില്ലകളിലും വെള്ളപ്പൊക്കവും ഗതാഗത തടസ്സവും ഉണ്ടായി. പലയിടത്തും അവശ്യ സേവനങ്ങൾ തടസ്സപ്പെട്ടു. ചെന്നൈയിൽ കനത്തമഴയിൽ ട്രെയിൻ ഗതാഗതവും താറുമാറായി. ദക്ഷിണ റെയിൽവേ 4 എക്സ്പ്രസ് ട്രെയിനുകൾ റദ്ദ് ചെയ്തു. നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ചില ആഭ്യന്തര വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ്.

Comments (0)
Add Comment