ഐടി മേഖലയിലെ 40,000 പേര്‍ക്ക് ജോലി നഷ്ടപ്പെടും; സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തി ഐടി വിദഗ്ധന്‍

Jaihind Webdesk
Tuesday, November 19, 2019

ബാംഗളൂര്‍; ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഐടി മേഖലയില്‍ 30,000 മുതല്‍ 40,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് പ്രവചിച്ച് ഐടി വിദഗ്ധന്‍ മോഹന്‍ദാസ് പൈ. വളര്‍ച്ച മന്ദഗതിയിലാവുന്നതുകൊണ്ടാണ് കമ്പനികള്‍ക്ക് ജീവനക്കാരെ ഒഴിവാക്കേണ്ടിവരുന്നതെന്നും എന്നാല്‍ ഇത് അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സാധാരണ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനികള്‍ അതിവേഗം വളരുമ്പോഴാണ് സ്ഥാനക്കയറ്റം കൊടുക്കുന്നത്. അതുപോലെ വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ കമ്പനികള്‍ക്ക് ഘടനകള്‍ പുന: ക്രമീകരിക്കേണ്ടി വരും. ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. ഓരോ അഞ്ചു വര്‍ഷം കൂടുംതോറും ഇത് ആവര്‍ത്തിക്കുമെന്നും മോഹന്‍ദാസ് പൈ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ 80 ശതമാനം പേര്‍ക്കും അവര്‍ വിദഗ്ധരാണെങ്കില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാനുമാണ് പൈ.